സിനിമ കണ്ടിറങ്ങുമ്പോൾ നെഞ്ചിൽ ഒരു വേദനയായി അവസാനിപ്പിക്കുന്ന സിനിമയായിരുന്നു സദയം. 1992 ലാണ് എംടി. വാസുദേവൻ നായർ- സിബി മലയിൽ- മോഹൻലാൽ കൂട്ടുകെട്ടിൽ ചിത്രം ഇറങ്ങിയത്. രണ്ട് യുവാക്കളെയും രണ്ട് പെൺകുട്ടികളെയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്.
ചിത്രത്തിൽ സത്യനാഥൻ പെൺകുട്ടികളെ കൊല്ലുന്ന രംഗം നെഞ്ചിടിപ്പോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല. തെന്നിന്ത്യൻ നടിയായ കാവേരിയും ഡോ. ചൈതന്യയുമാണ് ആ പെൺകുട്ടികൾ. ബാലതാരമായെത്തിയ ചൈതന്യയാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. സദയം ലൊക്കേഷനിലെ ലാലേട്ടനെ കുറിച്ച് അടുത്തിടെ ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചൈതന്യ സംസാരിച്ചിരുന്നു.
സിനിമയിൽ ലാലേട്ടൻ എന്നെ കൊല്ലുന്ന ഒരു സീനുണ്ട്. ഇപ്പോഴും അത് പറയുമ്പോൾ രോമാഞ്ചം വരും. ആ സീനിൽ ഞാന്‍ കാവേരിയെ തേടി വീട്ടിൽ ചെല്ലുമ്പോൾ കാവേരി കട്ടിലിൽ കിടക്കുകയാണ്. ലാലേട്ടൻ എന്നെ അകത്തേക്ക് വിളിച്ചു. അത്രയും നാൾ ഞാൻ കണ്ടിട്ടുള്ള ലാലേട്ടനെ അല്ല ഞാൻ ആ സീനിൽ അഭിനയിക്കുമ്പോൾ കണ്ടത്.
ലാലേട്ടന്റെ കണ്ണിലുള്ള ആ ചുവപ്പും, ഭാവവും എന്തിന് അദ്ദേഹത്തിന്റെ കൺപീലി പോലും അഭിനയിക്കുകയായിരുന്നു. ഞാൻ ശരിക്കും പേടിച്ചു പോയി. അത്രയും നേരം എല്ലാവരും സെറ്റിൽ ചിരിച്ച് ഹാപ്പിയായിട്ടാണ് ഇരുന്നത്. പക്ഷേ ഈ സീനിൽ ആ സെറ്റു മുഴുവൻ ആ ഫീലിലായി പോയി. അതൊന്നും ഒരുകാലത്തും എനിക്ക് മറക്കാൻ പറ്റില്ല, ചൈതന്യ പറയുന്നു.