ബഹുഭൂരിപക്ഷം ആളുകളുടെയും ഇഷ്ടഭക്ഷണമാണ് ചപ്പാത്തി. മുട്ടക്കറി, കടലക്കറി, ചിക്കൻ കറി, വെജിറ്റബിൾ കുറുമ, മസാലക്കറി തുടങ്ങി നല്ല ആവി പാറക്കുന്ന ചപ്പാത്തിക്കൊപ്പമുള്ള കോമ്പിനേഷനുകളും ഏറെയാണ്. മൃദുവായി പരത്തിയെടുത്ത ചപ്പാത്തിയിൽ അൽപം നെയ്യ് ഒഴിച്ച് ചുട്ടെടുത്ത് കഴിക്കുമ്പോഴുള്ള രുചി വേറെ തന്നെയാണ്. രുചിക്കും മണത്തിനും മാത്രമല്ല ചപ്പാത്തിയിൽ നെയ്യൊഴിക്കുന്നത്. ഇക്കാര്യങ്ങൾ അറിഞ്ഞോളൂ..
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
ധാരാളം ആന്റി- ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് നെയ്യ്. ഇതിൽ വിറ്റാമിൻ ഇ, ഒമേഗ-3, ഒമേഗ-9 തുടങ്ങിയ പോഷക ഘടകങ്ങളും അടങ്ങിയിരിക്കുന്നു. സമ്മർദ്ദം കുറച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ശുദ്ധമായ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ചില ആളുകൾക്ക് നെയ്യ് വെറുതെ കഴിക്കുന്നത് ഇഷ്ടമാകില്ല. അതിനാൽ ചപ്പാത്തിയിൽ അൽപം നെയ്യ് ഒഴിച്ച് കഴിക്കുന്നത് ശരീരത്തിലേക്ക് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു.
കൊഴുപ്പ് പ്രദാനം ചെയ്യുന്നു
ശരീരത്തിലേക്ക് ആവശ്യമായ കൊഴുപ്പ് പ്രദാനം ചെയ്യുന്നതിന് ശുദ്ധമായ നെയ്യ് ഏറെ ഗുണകരമാണ്. ഇത് ഊർജ്ജം പ്രദാനം ചെയ്യുന്നതിനും മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചപ്പാത്തിക്കൊപ്പം നെയ്യ് ഒഴിച്ച് കഴിക്കുന്നത് അമിതഭാരം വയ്‌ക്കാനുള്ള സാധ്യതയും കുറയ്‌ക്കുന്നു.
എല്ലുകളുടെ ബലം വർദ്ധിപ്പിക്കുന്നു
വിറ്റാമിൻ K2 നെയ്യിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലേക്കാവശ്യമായ കാത്സ്യം ഇത് പ്രദാനം ചെയ്യുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ബലത്തിനും കാത്സ്യം ശരീരത്തിനാവശ്യമാണ്.
ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കുന്നു
ശുദ്ധമായ നെയ്യ് കഴിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുന്നു. വരണ്ട ചർമ്മം ഇല്ലാതാക്കി മൃദുലമാക്കാൻ നെയ്യ് കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ചപ്പാത്തിയിൽ നെയ്യ് ഒഴിച്ച് കഴിക്കാവുന്നതാണ്.















