ന്യൂഡൽഹി: ലോഗോയിൽ അടിമുടി മാറ്റങ്ങൾ വരുത്തി ഭാരതസർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ BSNL. ‘ബിഎസ്എൻഎൽ കണക്ടിംഗ് ഇന്ത്യ’ എന്നതിന് പകരം ‘ബിഎസ്എൻഎൽ കണക്ടിംഗ് ഭാരത്’ എന്ന സ്ലോഗനാണ് പുതിയ ലോഗോയ്‌ക്ക് നൽകിയിരിക്കുന്നത്. ലോഗോയുടെ നിറങ്ങളിലും ബിഎസ്എൻഎൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങൾ മാറ്റി ത്രിവർണ പതാകയിലെ നിറങ്ങളാണ് പുതിയ ലോഗോയ്‌ക്ക് നൽകിയിരിക്കുന്നത്. കൂടാതെ ഭാരതത്തിന്റെ ഭൂപടവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ ബിഎസ്എൻഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പുതിയ ലോഗോ പ്രകാശനം ചെയ്തു.
സുരക്ഷിതമായും വിശ്വസനീയമായും താങ്ങാവുന്ന ചെലവിൽ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തെയാണ് ലോഗോ പ്രതിഫലിപ്പിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ 7 പുതിയ സേവനങ്ങളും കമ്പനി പുറത്തുവിട്ടു. സ്പാം പ്രൊട്ടക്ഷൻ മെഷേഴ്‌സ്, നാഷണൽ വൈ-ഫൈ റോമിംഗ് സേവനങ്ങൾ, ഫൈബർ ബേസ്ഡ് ഇന്റർനെറ്റ് ടിവി സർവീസസ്, ഡയറക്ട് ടു ഡയറക്ട് ഡിവൈസ് കണക്ടിവിറ്റി തുടങ്ങിയവയാണ് പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നത്.















