കൽപ്പറ്റ; വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ കുര്യാസ് ബിൽഡിങ്ങിലെ ഓഫീസ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ആണ് ഉദ്ഘാടനം ചെയ്തത്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഉൾപ്പെടെയുളളവരും സന്നിഹിതരായിരുന്നു.
ബിജെപി പ്രചാരണത്തിൽ സജീമായതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും തുറക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന റോഡ് ഷോയിൽ ഉൾപ്പെടെ ജനങ്ങളുടെ വലിയ പങ്കാളിത്തവും പിന്തുണയുമാണ് ദൃശ്യമായത്. ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാടിനെ മറ്റൊരു ഉപതെരഞ്ഞെടുപ്പിലേക്ക് തളളിവിട്ടതിന്റെ അമർഷം വോട്ടർമാരിൽ പ്രകടമാണ്. ബിജെപിക്കും എൻഡിഎയ്ക്കുമായിരിക്കും ഇത് ഗുണം ചെയ്യുകയെന്നാണ് വിലയിരുത്തൽ. പഞ്ചായത്ത്, ജില്ലാ നേതൃയോഗങ്ങളിലുൾപ്പെടെ സംസ്ഥാന നേതാക്കൾ നേരിട്ട് പങ്കെടുത്ത് പ്രചാരണ പ്രവർത്തനങ്ങൾ സജീവമാക്കിക്കഴിഞ്ഞു.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ, വയനാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് മലവയൽ, ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ വി. മോഹനൻ, എസ്ടി മോർച്ച സംസ്ഥാന അധ്യക്ഷൻ മുകുന്ദൻ പള്ളിയറ തുടങ്ങിയവർ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുത്തു.















