ന്യൂഡൽഹി: ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആറ് ട്രെയിനുകൾ റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയിൽ കൂടുതൽ. ബുധൻ, വ്യാഴം ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കാമാഖ്യ- ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ദിൽബർഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗിൽബർഗ് വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – മുസഫർപൂർ ജംഗ്ഷൻ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.
കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ പലയിടങ്ങിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ട്രെയിനുകൾക്ക് പുറമെ ചില വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിടങ്ങളിൽ കുടുങ്ങിയവരെ ബോട്ടുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്.
സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചുട്ടുണ്ട്. അതേസമയം കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നു വീണു. 10ലധികം ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കർണാടക സർക്കാർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. 24ന് രാത്രിയോടെ ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനുമിടയിൽ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കനത്ത മഴ തുടരുന്നതിനാൽ പുരി നഗരം വിട്ട് പോകണമെന്ന് വിനോദസഞ്ചാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.















