ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. അഞ്ചുവർഷത്തിനിടെയുള്ള ഇരുനേതാക്കളുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്. കഴിഞ്ഞ ദിവസം കസാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇക്കാര്യം സ്ഥിരീകരിച്ചു.
2020 ലെ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടൽ മുതൽ നിലനിൽക്കുന്ന രൂക്ഷമായ അതിർത്തി തർക്ക പ്രശ്നങ്ങളിൽ അടുത്തിടെ ഇന്ത്യയും ചൈനയും സമവായത്തിലെത്തിയിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) പട്രോളിംഗ് പുനരാരംഭിക്കുന്നതിനും ഘട്ടം ഘട്ടമായുള്ള സൈനിക പിന്മാറ്റത്തിനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച് ചൈനീസ് പക്ഷവും കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്‌ക്കുള്ള വേദിയൊരുങ്ങുന്നത്.
2019 ഒക്ടോബറിൽ മഹാബലിപുരത്തുവച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും തമ്മിൽ അവസാനമായി ഔപചാരിക കൂടിക്കാഴ്ച നടന്നത്. 2020 മുതൽ അതിർത്തി തർക്ക വിഷയങ്ങളിൽ ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. അതിർത്തിയിൽ സമാധാനം നിലനിൽക്കാതെ ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാകില്ലെന്ന് രാജ്യം പല വേദികളിലും വ്യക്തമാക്കിയിരുന്നു .