ന്യൂഡൽഹി: കർത്താർപൂർ ഇടനാഴി കരാർ പുതുക്കി ഇന്ത്യയും പാകിസ്താനും. കരാർ 5 വർഷത്തേക്ക് കൂടി നീട്ടിയതായി ഇരുരാജ്യങ്ങളും അറിയിച്ചു. ഗുരുനാനാക്ക് തന്റെ ജീവിതത്തിന്റെ അവസാന വർഷങ്ങൾ ചിലവഴിച്ച പാകിസ്താനിലെ ദർബാർ സാഹിബ് ഗുരുദ്വാരയിലേക്കുള്ള ഇടനാഴിയാണ് കർത്താർപൂർ. ഗുരുദ്വാരയിലേക്ക് ഇന്ത്യൻ പൗരന്മാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന കർത്താർപൂർ ഇടനാഴി കരാറിന്റെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്.
അതേസമയം ഒരോ സിഖ് തീർത്ഥാടകനിൽ നിന്നും പാകിസ്താൻ 20 ഡോളർ സർവീസ് ചാർജ് ഈടാക്കുന്നുണ്ട്. ഇത് നീക്കണമെന്ന് തീർത്ഥാടകർ പലതവണ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഇടനാഴി ഉപയോഗിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഫീസോ ചാർജുകളോ ഈടാക്കരുതെന്ന് ഇന്ത്യ വീണ്ടും പാകിസ്താനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവലിലെ ദർബാർ സാഹിബ് കർത്താർപൂർ ഗുരുദ്വാര സന്ദർശിക്കാൻ ഇന്ത്യൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കുന്നതിനായി 2019 ഒക്ടോബർ 24 നാണ് ഇരുരാജ്യങ്ങളും കരാർ ഒപ്പുവച്ചത്. 5 വർഷത്തേക്കായിരുന്നു ഉടമ്പടി. കരാറിന്റെ കാലാവധി നീട്ടുന്നത് ഇന്ത്യയിൽ നിന്നുള്ള തീർഥാടകർക്ക് പാകിസ്താനിലെ വിശുദ്ധ ഗുരുദ്വാരയിലേക്കുള്ള സന്ദർശനം കൂടുതൽ സുഗമമാക്കുമെന്ന് വിദേശകാര്യമന്ത്രലയത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
2022 മധ്യത്തിൽ സർക്കാർ പാർലമെൻ്റിൽ നൽകിയ കണക്കുകൾ പ്രകാരം, 2019 നവംബറിൽ തീർത്ഥാടനം ആരംഭിച്ച ശേഷം 110,670-ലധികം ഇന്ത്യൻ പൗരന്മാരും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുകൾ ഉള്ളവരും കർത്താർപൂർ ഇടനാഴി വഴി ദർബാർ സാഹിബ് ഗുരുദ്വാര സന്ദർശിച്ചിട്ടുണ്ട്.