ന്യൂഡൽഹി: ദന ചുഴലിക്കാറ്റിനോടനുബന്ധിച്ച് രാജ്യത്തെ ഇരുന്നൂറോളം ട്രെയിനുകൾ റദ്ദാക്കി റെയിൽവേ. ഒഡിഷ- പശ്ചിമ ബംഗാൾ മേഖലയിൽ ഒക്ടോബർ 25ന് ദന ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഒക്ടോബർ 23 മുതൽ 26 വരെയുള്ള 198 ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിലെ സ്കൂളുകൾക്കും അവധിയാണ്.
ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രണ്ട് ദിവസത്തേക്ക് എല്ലാ ചരിത്രസ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടുമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും അറിയിച്ചിട്ടുണ്ട്.
മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മണിക്കൂറിൽ 6 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, ദന ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഒക്‌ടോബർ 24 രാത്രിയിലും ഒക്‌ടോബർ 25ന് രാവിലെയുമായി 100-110 കിലോമീറ്റർ വേഗതയിൽ വീശുന്ന ശക്തമായ ചുഴലിക്കാറ്റായി ദന മാറും. വടക്കൻ ഒഡീഷയ്‌ക്കും പശ്ചിമ ബംഗാൾ തീരത്തിനും ഇടയിൽ പുരിക്കും സാഗർ ദ്വീപിനും മധ്യത്തിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കും.