കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ അപ്പോളോ ജ്വല്ലറിയിലും, സമാന ഗ്രൂപ്പിലും ഇഡി നടത്തിയ റെയ്ഡുകൾക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 52.34 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. ഇതിന് പുറമെ അനധികൃതമായി സൂക്ഷിച്ച 27.49 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. അപ്പോളോ ഗ്രൂപ്പ് ഡയറക്ടർമാരായ മൂസ ഹാജി ചരപ്പറമ്പിൽ, ബഷീർ അടക്കമുള്ളവർ ചേർന്ന് നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്തുവെന്ന പരാതിയിൽ കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. അപ്പോളോ ഗോൾഡ് നടത്തിയ മാസ തവണ പദ്ധതി പ്രകാരം പണം നിക്ഷേപിച്ചവരാണ് പരാതി നൽകിയത്.
നിക്ഷേപകരെ വഞ്ചിച്ചുവെന്ന് പ്രാഥമിക പരിശോധയിൽ ബോധ്യപ്പെട്ടതായി ഇഡി അറിയിച്ചിട്ടുണ്ട്. നിക്ഷേപകരിൽ നിന്ന് പണം തട്ടിയ ശേഷം അത് ഹോട്ടൽ ബിസിനസിലേക്ക് ഉൾപ്പെടെ വകമാറ്റുകയാണ് ചെയ്തത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലായി അപ്പോളോ ഗ്രൂപ്പിന്റെ ഓഫീസുകളിലും, ഡയറക്ടർമാരുടെ വീടുകളിലും, പതിനൊന്ന് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. റെയ്ഡിൽ നിരവധി രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം 17നാണ് ഇഡി റെയ്ഡ് നടത്തിയത്.
അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ അപ്പോളോ ഗോൾഡ് എന്ന നിക്ഷേപ പദ്ധതി വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്‌ക്കും നിക്ഷേപകർക്ക് മാസം 1000 രൂപ വീതം പലിശയെന്നായിരുന്നു വാഗ്ദാനം. 12 മാസം കഴിയുമ്പോൾ നിക്ഷേപിച്ച തുക പൂർണമായും പിൻവലിക്കാം. 12 മാസത്തിന് ശേഷവും നിക്ഷേപം തുടർന്നാൽ അവർക്ക് അപ്പോളോ ജ്വല്ലറിയിൽ നിന്നുള്ള ലാഭവിഹിതം നൽകുമെന്നും ഇവർ വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തിൽ പലിശ നൽകിയെങ്കിലും 2020 മുതൽ പലിശയോ നിക്ഷേപിച്ച തുകയോ തിരികെ നൽകാതെയായി. ഡയറക്ടറായ മൂസ ഹാജി ചരപ്പറമ്പിൽ ഒളിപോയതോടെ ക്രൈംബ്രാഞ്ച് 42 എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തു.
നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് അപ്പോളോ ജ്വല്ലറി ഗ്രൂപ്പ് തട്ടിയെടുത്തത്. 82.90 കോടി രൂപയോളം അപ്പോളോ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികൾ വഴി പിരിച്ചെടുത്തിട്ടുണ്ട്. നിലവിൽ ഈ കമ്പനികൾ പ്രവർത്തിക്കുന്നില്ല. ഇതിനിടെയാണ് മൂസ ഹാജി ഉൾപ്പെടെയുള്ളവർക്ക് സമാന ഗ്രൂപ്പ് എന്ന കമ്പനിയിൽ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. അപ്പോളോ ഗ്രൂപ്പ് വഴി പിരിച്ചെടുത്ത തുക സമാന ഗ്രൂപ്പിൽ നിക്ഷേപിച്ച ശേഷം ആ പണം ഉപയോഗിച്ച് അപ്പോളോ ഷോപ്പിങ് മാൾ, ട്രിവാൻഡ്രം അപ്പോളോ ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് രൂപം കൊടുത്തും. ഇതിന് കീഴിൽ കോഴിക്കോടും തിരുവനന്തപുരത്തുമായി ഡിമോറ എന്ന പേരിൽ വൻകിട ഹോട്ടലുകൾ ആരംഭിച്ചതായും ഇഡി പറയുന്നു.















