ഭുവനേശ്വർ: ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സുസജ്ജമായി ദേശീയ ദുരന്ത നിവാരണസേന. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും ദുരന്ത നിവാരണ സേന ഭുവനേശ്വറിലെത്തിച്ചു. അപകട സാധ്യതാ മേഖലകളിൽ 150-ലധികം എൻഡിആർഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെയും ദുരിതാശ്വാസ സാമഗ്രികളെയും വഹിച്ചുകൊണ്ട് വ്യോമസേനയുടെ ഐഎൽ 76, എഎൻ 32 എന്നീ വിമാനങ്ങൾ ഇന്ന് പുലർച്ചെയോടെയാണ് ഭുവനേശ്വറിലെത്തിയത്.
ദന ചുഴലിക്കാറ്റ് ഒഡിഷയിലെ ഭദ്രക്, ബാലസോർ തീരങ്ങളിൽ കരയ്‌ക്കടുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നാളെ (24 -10-2024) പുലർച്ച വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട ന്യൂനമർദ്ദം പശ്ചിമ ബംഗാൾ തീരം കടക്കാനും സാധ്യതയുണ്ട്. മറ്റന്നാൾ (25-10-2024) മണിക്കൂറിൽ 100 മുതൽ 110 കി.മീ. വരെ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ ഗഞ്ചം, പുരി, ജഗത്സിംഗ്പൂർ, ഭദ്രക്, ബാലസോർ, മയൂർഭഞ്ച് തുടങ്ങിയ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് തീരം താെടുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് (23-10-2024) മുതൽ 26 വരെയുള്ള 198 ട്രെയിൻ സർവീസുകളാണ് റെയിൽവേ റദ്ദാക്കിയത്.















