പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പ്രോട്ടോകോൾ പ്രകാരം സ്വീകരിക്കാത്തതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പത്തനംതിട്ടയിൽ ഗവർണറെ സ്വീകരിക്കാൻ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഇല്ലാത്തതിനെ തുടർന്നാണ് നടപടി.
ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഗവർണറെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചെങ്കിലും പ്രോട്ടോകോൾ പ്രകാരമുള്ള ബ്യൂഗിൾ ഒഴിവാക്കിയിരുന്നു. ബ്യൂഗിൾ ഇല്ലാത്തതിനാൽ ഗവർണർ സല്യൂട്ട് സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഗാർഡ് ഓഫ് ഓണർ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
എന്നാൽ, പത്തനംതിട്ടയിൽ ബ്യൂഗിളർ (ബ്യൂഗിൾ വായിക്കുന്നവർ) തസ്തിക നാല് വർഷമായി ഒഴിഞ്ഞുകിടക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.