മുംബൈ : മുസ്ലീം പുരുഷന്മാർക്ക് ഒന്നിലധികം വിവാഹങ്ങൾ ആകാമെന്ന് ബോംബെ ഹൈക്കോടതി . വ്യക്തിനിയമ പ്രകാരം ഒന്നിലധികം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുസ്ലീം പുരുഷന് തടസമില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്. അൾജീരിയയിൽ നിന്നുള്ള സ്ത്രീയുമായി മൂന്നാം വിവാഹം നടത്തുന്നത് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം യുവാവ് സമർപ്പിച്ച അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
മഹാരാഷ്‌ട്രയിൽ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ താനെ മുനിസിപ്പൽ കോർപ്പറേഷൻ വിസമ്മതിച്ചതിനെ തുടർന്നാണ് യുവാവ് കോടതിയിലെത്തിയത് . മഹാരാഷ്‌ട്ര റെഗുലേഷൻ ഓഫ് മാര്യേജ് ബ്യൂറോ ആൻ്റ് രജിസ്ട്രേഷൻ ഓഫ് മാര്യേജ് ആക്ടിന്റെ അടിസ്ഥാനത്തിൽ, ഒരു വിവാഹത്തെ മാത്രമേ പരിഗണിക്കൂ, ഒന്നിലധികം വിവാഹം അനുവദനീയമല്ല. എന്നാൽ ഈ വിസമ്മതം “തികച്ചും തെറ്റിദ്ധാരണ” ആണെന്നും മുസ്ലീം വ്യക്തികൾക്ക് ഒന്നിൽ കൂടുതൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിൽ നിന്ന് നിയമം തടയുന്നില്ലെന്നുമാണ് , ജസ്റ്റിസുമാരായ ബിപി കൊളബാവല്ലയും സോമശേഖർ സുന്ദരേശനും അടങ്ങുന്ന ഹൈക്കോടതി ബെഞ്ചിന്റെ നിർദേശം.
മുസ്ലീങ്ങൾക്കുള്ള വ്യക്തിനിയമങ്ങൾ പ്രകാരം, അവർക്ക് ഒരേസമയം നാല് ഭാര്യമാർ ഉണ്ടായിരിക്കാൻ അർഹതയുണ്ട്. റെഗുലേഷൻ ഓഫ് മാര്യേജ് ബ്യൂറോ ആൻ്റ് രജിസ്ട്രേഷൻ ഓഫ് മാര്യേജ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ഒരു മുസ്ലീം പുരുഷന്റെ കാര്യത്തിൽ പോലും ഒരു വിവാഹം മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ എന്ന നിർദേശം അംഗീകരിക്കാൻ കഴിയില്ല. രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, വിവാഹ സർട്ടിഫിക്കറ്റ് നൽകാൻ 10 ദിവസത്തെ സമയം അധികൃതർക്ക് നൽകുമെന്നും കോടതി പറഞ്ഞു.















