ന്യൂഡൽഹി: ഇന്ത്യൻ ഫോൺ നമ്പറിൽ നിന്നെന്ന വ്യാജേന വരുന്ന ഇൻകമിങ് ഇന്റർനാഷണൽ കോളുകൾ തിരിച്ചറിയാനും തടയാനും കഴിയുന്ന സ്പാം ട്രാക്കിങ് സംവിധാനം ആരംഭിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പുകൾക്ക് തട്ടിപ്പുകാർ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണിത് . ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ‘ഇൻർനാഷണൽ ഇൻകമിങ് സ്‍പൂഫ്ഡ് കോൾസ് പ്രിവൻഷൻ സിസ്റ്റം എന്ന് പേരിട്ടിരിക്കുന്ന സംവിധാനം അവതരിപ്പിച്ചത്.
സുരക്ഷിത ഡിജിറ്റൽ ലോകം കെട്ടിപ്പടുക്കുന്നതിനും സൈബർ കുറ്റകൃത്യങ്ങളിൽ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനുമുള്ള ടെലികോം വകുപ്പിന്റെ ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ലാണിതെന്ന് സർക്കാർ പറഞ്ഞു. ഇന്ത്യൻ നമ്പറുകളെന്ന (+91 xxxxxxxxxx) വ്യാജേന എത്തുന്ന അന്താരാഷ്‌ട്ര കോളുകൾ ആളുകളെ കബളിപ്പിക്കാനും പണം തട്ടാനും സൈബർ കുറ്റവാളികൾ വ്യാപകമായി ഉപയോഗിച്ചുവരുന്ന പുതിയ തന്ത്രമാണ്.
തട്ടിപ്പുകാർ തങ്ങളുടെ ഇരകളെ കണ്ടെത്തി അവരെ കോൾ ചെയ്യാൻ ശ്രമിക്കുന്നതിന് മുൻപ് തന്നെ സർക്കാരിന്റെ പുതിയ സ്പാം ട്രാക്കിംഗ് സംവിധാനം അത്തരം നമ്പറുകൾ തിരിച്ചറിയുകയും ബ്ലോക്ക് ആക്കുകയും ചെയ്യും. സർക്കാർ പറയുന്നതനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ1.35 കോടി സ്പൂഫ് കോളുകൾ കണ്ടെത്തി സിസ്റ്റം അവ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഇത് ഇൻകമിങ് ഇന്റർനാഷണൽ കോളുകളുടെ 90 ശതമാനമാണ്.















