ജയ്‌പൂർ: വംശനാശം നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന് (Great Indian Bustard) കൃത്രിമ ബീജസങ്കലനത്തിലൂടെ (IVF) കുഞ്ഞ് പിറന്നു. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലാണ് പക്ഷിക്കുഞ്ഞ് ജനിച്ചത്. വംശനാശഭീഷണി നേരിടുന്ന ഈ ജീവിവർഗ്ഗത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലെ നിർണായക നേട്ടമാണിതെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ വെറും 150 ൽ താഴെ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളാണുള്ളത്. ഇതിൽ 90 ശതമാനവും രാജസ്ഥാൻ മരുഭൂമി പ്രദേശത്തും ബാക്കിയുള്ളവ ഗുജറാത്ത്, മഹാരാഷ്‌ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിലുമാണ്.
2016-ൽ ആരംഭിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബസ്റ്റാർഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായി രാജസ്ഥാൻ വനം വകുപ്പ് ജയ്സാൽമറിലെ ഡെസേർട്ട് നാഷണൽ പാർക്കിന്റെ പ്രാന്തപ്രദേശത്ത് ഒരു ജിഐബി ബ്രീഡിംഗ് സെൻ്റർ സ്ഥാപിച്ചു. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡുകളുടെ കാപ്റ്റീവ് ബ്രീഡിംഗിനും ഭാവിയിൽ അവയുടെ ആവാസ വ്യവസ്ഥ സൃഷ്ടിച്ച് അവിടേക്ക് തുറന്നുവിടുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
ജയ്‌സാൽമീർ ബ്രീഡിംഗ് സെൻ്ററിലെ ശാസ്ത്രജ്ഞർക്ക് കൃത്രിമ ബീജസങ്കലനത്തെക്കുറിച്ച് അബുദാബി ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ ഫണ്ട് ഫോർ ഹൗബാറ കൺസർവേഷനിൽ (ഐഎച്ച്എഫ്‌സി) പരിശീലനം ലഭിച്ചിരുന്നു. രാം ദേവ്ര ജിഐബി ബ്രീഡിംഗ് സെൻ്ററിൽ നിന്നുള്ള ‘സുദ’ എന്ന ആൺ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന്റെ ബീജമാണ് ജയ്‌സാൽമീർ സെൻ്ററിലെ ‘ടോണി’ എന്ന പെൺ പക്ഷിയിൽ ബീജസങ്കലനം നടത്തിയത്. മുട്ടവിരിഞ്ഞുണ്ടായ കുഞ്ഞ് പൂർണ ആരോഗ്യത്തോടെ കഴിയുന്നുവെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.