ന്യൂഡൽഹി: കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. വർഷങ്ങളായി കോൺഗ്രസ് വയനാട്ടുകാരെ കബളിപ്പിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു. വയനാട് ഉപതെരഞ്ഞെടുപ്പിനായി പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” വയനാട് എംപി സ്ഥാനം ഒഴിഞ്ഞ് റായ്ബറേലി തെരഞ്ഞെടുത്ത വ്യക്തിയാണ് രാഹുൽ. വയനാട്ടുകാരെ വഞ്ചിച്ച അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നുതന്നെ ഒരാൾ വീണ്ടും മത്സരിക്കാനെത്തുമ്പോൾ ഒരിക്കൽ കൂടി വിഡ്ഢികളാകാൻ വയനാട്ടിലെ സാധാരണക്കാർ നിന്നുകൊടുക്കുമെന്ന് തോന്നുന്നില്ല. വയനാടിനാവശ്യം ജനഹൃദയം മനസിലാക്കുന്ന നേതാവിനെയാണ്. എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസിന് അതിനു സാധിക്കും. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വന്ന യുവനേതാവാണ് നവ്യ ഹരിദാസ്.”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കഠിനാധ്വാനിയായ മികച്ച സ്ഥാനാർത്ഥിയെയാണ് എൻഡിഎ മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാൽ പ്രിയങ്ക രാഷ്‌ട്രീയ ജീവിതത്തിൽ ഇതുവരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കൗൺസിലറായി പ്രവർത്തിച്ച നേതാവാണ് നവ്യ ഹരിദാസ്. അവർക്ക് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങൾ പെട്ടന്ന് മനസിലാക്കാൻ സാധിക്കും. എന്നാൽ വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ച് വയനാട്ടിലെത്തുന്ന പ്രിയങ്കയ്‌ക്ക് എങ്ങനെയാണ് ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ സാധിക്കുകയെന്നും രാജീവ് ചന്ദ്രശേഖർ തുറന്നടിച്ചു.
രാഹുലിന്റെ 5 വർഷത്തെ ഭരണം വയനാട്ടിലെ ആളുകൾ കണ്ടതാണ്. വയനാട്ടുകാർക്കായി എന്താണ് കോൺഗ്രസ് ചെയ്തത് ? ജനങ്ങൾക്ക് അവർ നേരിടുന്ന പ്രശ്‌നങ്ങൾ പറയണമെങ്കിൽ പോലും വിവർത്തനം ചെയ്യുന്ന ആളുകളുടെ സഹായം ആവശ്യമായിരിക്കും. പ്രിയങ്കയ്‌ക്ക് ഒരിക്കലും വയനാട്ടിലെ പ്രശ്‌നങ്ങൾ മനസിലാക്കാൻ സാധിക്കില്ല. കാരണം അവർ കേരളത്തിൽ ജനിച്ച് വളർന്നതല്ല. എന്നാൽ നവ്യ, കേരളത്തിൽ ജനിച്ച് ജനങ്ങൾക്കായി സേവനം ആരംഭിച്ച വനിതയാണ്. വയനാട്ടിലെ പ്രശ്‌നങ്ങൾ ഏതൊരു സാധാരണക്കാരനെയും പോലെ നവ്യയ്‌ക്കും പെട്ടന്ന് മനസിലാക്കനും അതിന് പരിഹാരം തേടാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.