കൊച്ചി: മുതിർന്ന സിപിഎം നേതാവായിരുന്ന എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് നൽകിയതിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ക്രിസ്ത്യൻ മതാചാര പ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്നായിരുന്നു മകളുടെ ആവശ്യം. ഇതാണ് ഹൈക്കോടതി തള്ളിയത്.
എംഎം ലോറൻസിന്റെ മകൻ സജീവനായിരുന്നു പിതാവിന്റെ മൃതദേഹം പഠനാവശ്യങ്ങൾക്കായി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്ന് അറിയിച്ചത്. പിതാവ് ജീവിച്ചിരുന്നപ്പോൾ അങ്ങനെയൊരു ആവശ്യം വാക്കാൽ പറഞ്ഞിരുന്നുവെന്നും മകൻ വാദിച്ചിരുന്നു. എന്നാൽ ഇതിന് യാതൊരു തെളിവുമില്ലെന്ന് ആശാ ലോറൻസ് ചൂണ്ടിക്കാട്ടിയെങ്കിലും മകന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു കോടതി.
വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൂടാതെ രണ്ട് സാക്ഷികളെ മകൻ ഹാജരാക്കുകയും ചെയ്തു. അവസാനകാലത്ത് മകനോടൊപ്പമായിരുന്നു ലോറൻസ് കഴിഞ്ഞിരുന്നത് എന്നുള്ളതടക്കം കോടതി പരിഗണിച്ചു. തുടർന്നാണ് മകൻ സജീവന്റെ നിലപാടിനെ കോടതി അംഗീകരിച്ചത്. ഈ സാഹചര്യത്തിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മെഡിക്കൽ കോളേജിന്റെ അനാട്ടമി വിഭാഗത്തിലേക്ക് കൈമാറുന്നതിന് മറ്റ് തടസങ്ങളില്ല. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് ആശാ ലോറൻസിന്റെ പ്രതികരണം. നീതി ലഭിക്കാൻ അവസാനം വരെ പോരാടുമെന്നും അവർ വ്യക്തമാക്കി.