ഇടുക്കി: വണ്ണപ്പുറത്തിനടുത്ത് ചീങ്കൽ സിറ്റിയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു. വണ്ണപ്പുറം സ്വദേശികളായ ദിവാകരൻ, ഭാര്യ ഓമന എന്നിവരാണ് തോട്ടിൽ അകപ്പെട്ടത്.
അപകടത്തിൽപ്പെട്ട ദിവാകരനെ രക്ഷിച്ചു. നീണ്ട നേരത്തെ തെരച്ചിലിനൊടുവിൽ ഓമനയുടെ മൃതദേഹം കണ്ടെത്തി. വൈകിട്ടായിരുന്നു സംഭവം. ശക്തമായ മഴയിൽ തോട്ടിലെ വെള്ളം പെട്ടെന്ന് ഉയരുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴയാണ്. വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്തു. വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ ചിലയിടങ്ങളിൽ ശക്തമായ മഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.















