ബിസിനസ് ബേ, ദുബായ് വാട്ടർ കനാൽ എന്നിവിടങ്ങളിൽ മറൈൻ ഗതാഗത സേവനങ്ങൾ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി .വിപുലമായ മെച്ചപ്പെടുത്തലുകൾ നടത്തിയതിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്.ബിസിനസ് ബേ, ദുബായ് വാട്ടർ കനാൽ എന്നിവിടങ്ങളിലെ പ്രധാന വിനോദകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് രണ്ട് ലൈനുകളിലാണ് ആർ.ടി.എ മറൈൻ ഗതാഗത സേവനങ്ങൾ നൽകുന്നത്.
ആദ്യ വരിയായ ഡി.സി.രണ്ട് തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടുമുതൽ രാത്രി 10 മണി വരെയും ഞായറാഴ്ചകളിൽ രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയും സർവീസ് നടത്തും. 30 മുതൽ 50 മിനിറ്റ് വരെ ഇടവേളകളിൽ സർവീസുകളുണ്ട്.വാട്ടർഫ്രണ്ട്, മറസി, ബിസിനസ് ബേ, ഗോഡോൾഫിൻ, ശൈഖ് സായിദ് റോഡ് സ്റ്റേഷനുകൾ എന്നിവയെ ബന്ധിപ്പിച്ചാണ് ഈ ലൈൻ സർവീസ് നടത്തുന്നത്.
രണ്ടാമത്തെ ലൈനായ ഡി.സി. മൂന്ന് വാരാന്ത്യങ്ങളിൽ വൈകിട്ട് നാല് മണി മുതൽ രാത്രി 11 വരെ പ്രവർത്തിക്കും. അൽ ജദ്ദാഫ് സ്റ്റേഷനെ ദുബായ് ഡിസൈൻ ഡിസ്ട്രിക്ട് മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുമായി ഈ ലൈൻ ബന്ധിപ്പിക്കും. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ നിന്നും പച്ച ലൈനിലെ ക്രീക്ക് മെട്രോ സ്റ്റേഷനിലേക്കുള്ള യാത്ര എളുപ്പമാക്കാൻ ഓരോ 35 മിനിറ്റിലും സർവീസ് ലഭ്യമാണ്. രണ്ട് ലൈനുകളിലും ഓരോ സ്റ്റോപ്പിനും രണ്ട് ദിർഹമാണ് യാത്രാനിരക്ക്.







