വിജയവാഡ: സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ അമ്മ വൈ എസ് വിജയമ്മയ്‌ക്കും സഹോദരി വൈ എസ് ശര്‍മ്മിളയ്‌ക്കുമെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമായ ജഗന്‍ മോഹന്‍ റെഡ്ഡി. സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരികള്‍ ശര്‍മ്മിളയ്‌ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ജഗന്‍ മോഹന്‍ റെഡ്ഡിയും ഭാര്യ ഭാരതി റെഡ്ഡിയും എന്‍സിഎല്‍ടിയില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ട്.
സരസ്വതി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വളര്‍ച്ചയില്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ജഗനും ഭാര്യയും അവകാശപ്പെടുന്നത്. 2024 ജൂലൈയില്‍ ബോര്‍ഡ് പ്രമേയത്തിലൂടെ ശര്‍മിളയ്‌ക്കും വിജയമ്മയ്‌ക്കും ഓഹരി കൈമാറ്റം നടത്തിയത് ശരിയായ നിയമനടപടികള്‍ പാലിക്കാതെയാണെന്നും ഹര്‍ജിയില്‍ പറയുന്നു. ശര്‍മ്മിളയ്‌ക്ക് സ്വത്ത് കൈമാറ്റം ചെയ്യുന്നതിന് മുന്‍പുള്ള അതേ ഇക്വിറ്റി ഷെയറുകള്‍ പ്രകാരം തങ്ങളെ ഓഹരി ഉടമകളായി പുന:സ്ഥാപിക്കണമെന്നാണ് ഇവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും ശര്‍മ്മിളയുമായി ചില കരാറുകളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, എന്നാല്‍ ഇത് നടപ്പാലാക്കിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ കരാര്‍ ലംഘിച്ചാണ് ഓഹരി കൈമാറ്റം നടത്തിയതെന്നും, ഷെയറുകള്‍ കൈമാറിയത് നിയമവിരുദ്ധവും അസാധുവുമാണെന്നും ജഗന്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം പേരക്കുട്ടികള്‍ക്ക് സ്വത്തുവകകള്‍ തുല്യമായി വീതിച്ച് നല്‍കണമെന്നാണ് വൈഎസ്ആര്‍ രാജശേഖര റെഡ്ഡി ആഗ്രഹിച്ചിരുന്നതെന്നും, എന്നാല്‍ അദ്ദേഹത്തിന്റെ ആഗ്രഹമാണ് ജഗന്‍ തള്ളിക്കളയുന്നതെന്നും ശര്‍മ്മിള ആരോപിച്ചു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായതിന് പിന്നാലൊണ് ശര്‍മ്മിള 2021ല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നത്. പിന്നീട് 2024ലെ തെരഞ്ഞെടുപ്പിന് മുന്‍പായി വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുകയും, വൈ എസ് ശര്‍മ്മിള ആന്ധ്രാപ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തെത്തുകയും ചെയ്തു. പിന്നീട് അന്ന് മുഖ്യമന്ത്രിയായിരുന്ന ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരെ ഇവര്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.















