വയനാട്: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയുടെ സ്വത്തുവിവരങ്ങൾ പുറത്ത്. 12 കോടി രൂപയുടെ സ്വത്ത് വകകൾ തനിക്കുണ്ടെന്നാണ് പ്രിയങ്കയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. ഭർത്താവ് റോബർട്ട് വദ്രയുടെ ആസ്തി ഏകദേശം 65.55 കോടി രൂപയാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
4.24 കോടി രൂപ വിലമതിക്കുന്ന ജംഗമ സ്വത്തുക്കളാണ് പ്രിയങ്കയ്‌ക്കുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മൂന്ന് ബാങ്കുകളിലെ 3.6 ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് നിക്ഷേപം, 2.24 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം, 17.38 ലക്ഷം രൂപയുടെ പിപിഎഫ് നിക്ഷേപം, ഭർത്താവ് റോബർട്ട് വദ്ര സമ്മാനിച്ച 8 ലക്ഷം രൂപയുടെ ഹോണ്ട സിആർവി കാർ,1.44 കോടി രൂപയുടെ ആഭരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഡൽഹിയിലെ മെഹ്‌റൗളിയിൽ പാരമ്പര്യമായി ലഭിച്ച കൃഷിഭൂമി ഉൾപ്പെടെ ഏകദേശം 7.74 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുണ്ട്. ഫാം ഹൗസ് ഉൾപ്പെടെയുള്ള കൃഷി ഭൂമിയിൽ സഹോദരൻ രാഹുലിനും ഷെയറുണ്ട്. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5.63 കോടി രൂപ വിലമതിക്കുന്ന വീട് സ്വന്തമായുണ്ട്. വാടകയും ബാങ്കുകളിൽ നിന്നുള്ള പലിശയും നിക്ഷേപങ്ങളും മറ്റുമാണ് തന്റെ വരുമാന സ്രോതസ്സെന്നും പ്രിയങ്ക സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയങ്ക ഗാന്ധിക്ക് 15.75 ലക്ഷം രൂപയും ഭർത്താവിന് 10 കോടി രൂപയുമാണ് ബാധ്യതയുള്ളത്.
നാമനിർദ്ദേശപത്രിക പ്രകാരം,ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് പ്രഖ്യാപിച്ച പ്രിയങ്ക, മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി രണ്ട് എഫ്ഐആറുകൾ തനിക്കെതിരെയുണ്ടെന്ന് വെളിപ്പെടുത്തി. ഉത്തർപ്രദേശിലെ വനംവകുപ്പിന്റെ നോട്ടീസും നേരിടുന്നു.