ഭുവനേശ്വർ: ദന ചുഴലിക്കാറ്റിനെ പ്രതിരോധിക്കാൻ സജ്ജമാണെന്ന് അഗ്നിരക്ഷാ സേന. ചുഴലിക്കാറ്റിനെ നേരിടുന്നതിന് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും 182 ടീമുകളിലായി 2,000-ത്തിലധികം ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ടെന്നും അഗ്നിരക്ഷാ സേന ഡയറക്ടർ ജനറൽ സുധാൻഷു സാരംഗി പറഞ്ഞു.
“ചുഴലിക്കാറ്റിനെ നേരിടാൻ ഞങ്ങൾ തയാറാണ്. ഒഡിഷയിലെ 14 ജില്ലകളിലും ഞങ്ങളുടെ 182 ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളും സ്ഥലത്തുണ്ട്. വനംവകുപ്പിൽ നിന്നും കുറച്ച് ടീമിനെ ഉൾപ്പെടുത്തിയാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്. അപകട സാധ്യതയുള്ള എല്ലാ ജില്ലകളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറ്റുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുക്കുമെന്നും” ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് എല്ലാവരെയും മാറ്റി പാർപ്പിക്കണമെന്ന് മുഖ്യമന്ത്രി മോഹൻ ചരൺ നിർദേശിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷയ്‌ക്ക് മുൻഗണന നൽകണമെന്നും മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ഒഡിഷയിലും പശ്ചിമ ബംഗാളിലും ദേശീയ ദുരന്ത നിവാരണ സേനയിലെ 150-ലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ കരസേന, നാവികസേന, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളും അപകട സാധ്യതാ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.