ന്യൂയോർക്ക്: 3000 ഉത്തര കൊറിയൻ സൈനികർ റഷ്യയിലെത്തി പരിശീലനം ആരംഭിച്ചതായി അമേരിക്ക. യുക്രെയ്‌നെതിരെയുള്ള യുദ്ധത്തിൽ പങ്കാളികളുന്നതിന് വേണ്ടിയാണ് സൈനികർ റഷ്യയിലെത്തിയിരിക്കുന്നതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകുന്നു. റഷ്യൻ സൈന്യത്തിലേക്ക് ഉത്തരകൊറിയ ആയുധങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന ആരോപണം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയരുന്നുണ്ട്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വർദ്ധിപ്പിച്ചത്.
ഇതിന്റെ തുടർച്ചയായിട്ടാണ് റഷ്യൻ സൈന്യത്തിൽ ഉത്തരകൊറിയയുടെ സൈനികരെ വിന്യസിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബർ ആദ്യ ആഴ്ച മുതൽ പകുതി വരെ 3000 സൈനികരെങ്കിലും റഷ്യയിലെത്തിയിട്ടുണ്ടെന്ന് യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി പറയുന്നു. ” കപ്പൽമാർഗമാണ് സൈനികർ റഷ്യയിലെത്തിയത്. ശേഷം ഇവർ റഷ്യയുടെ പലയിടങ്ങളിലുള്ള സൈനിക പരിശീലന കേന്ദ്രങ്ങളിലേക്ക് മാറി. ഇപ്പോൾ അവർ പരിശീലനം തുടരുകയാണ്. എന്നാൽ ഈ സൈനികർ റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന് യുദ്ധത്തിൽ ഏർപ്പെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും, അങ്ങനെ സംഭവിച്ചാൽ അവരുടെ ലക്ഷ്യം യുക്രെയ്ൻ ആകുമെന്നും” ജോൺ കിർബി പറയുന്നു.
യുക്രെയ്നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ റഷ്യയിലേക്ക് സൈനികരെ അയച്ചുവെന്ന വിവരം ദക്ഷിണ കൊറിയയാണ് ആദ്യം പുറത്തുവിട്ടത്. പിന്നാലെ അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. 1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ടെന്നും, ആകെ 12,000ത്തോളം സൈനികരെ റഷ്യയിലേക്ക് അയയ്‌ക്കാനാണ് ഉത്തരകൊറിയ തീരുമാനിച്ചിരിക്കുന്നതെന്നുമാണ് ദക്ഷിണ കൊറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ റഷ്യ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ തയ്യാറായിട്ടില്ല. സൈനികർ എത്തിയതുമായി ബന്ധപ്പെട്ടുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഉത്തരകൊറിയയോട് തന്നെ അവരുടെ സൈനികരുടെ കാര്യം ചോദിക്കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സകറോവ പറഞ്ഞത്.















