അടുത്തിടെ മൂന്ന് മണിക്കൂർ വൈകി പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ നൽകിയത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നിരുന്നു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം വൈകിയതോടെയാണ് യാത്രക്കാർക്കായി കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ നൽകിയത്. ഒരുപക്ഷേ അധികമാരും ബിസ്‌കറ്റുകൾ ഉൾപ്പെടെ പല ഭക്ഷണസാധനങ്ങളുടേയും കാലാവധി പരിശോധിക്കാറില്ല.
ഛർദ്ദി, വയറിളക്കം
കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകൾ ശരീരത്തിന് തീരെ നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഛർദ്ദി, വയറിളക്കം തുടങ്ങിയ രീതികളിലൂടെ ശരീരം പെട്ടന്ന് പ്രതികരിക്കുന്നതിന് പുറമെ, ഗുരുതരമായ അസുഖങ്ങളിലേക്ക് വരെ ഇത് നയിച്ചേക്കാമെന്നാണ് ഡൽഹി സികെ ബിർള ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ ലീഡ് കൺസൾട്ടന്റ് ഡോ.നരേന്ദ്ര സിങ്ല പറയുന്നത്.
” ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന വൈറസുകൾ, ബാക്ടീരിയകൾ, പൂപ്പലുകൾ തുടങ്ങിയവയുടെ സാന്നിധ്യം കാലാവധി കഴിഞ്ഞ ബിസ്‌കറ്റുകളിൽ ഉണ്ടാകാം. ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ഭക്ഷ്യവിഷബാധ ഈ ബിസ്‌കറ്റുകൾ കഴിക്കുന്നത് വഴി സംഭവിക്കാം. മറ്റ് ചിലർക്ക് ശരീരം ചൊറിഞ്ഞ് തടിക്കുകയോ, നീര് വയ്‌ക്കുകയോ ഉൾപ്പെടെയുള്ള അലർജി പ്രശ്‌നങ്ങളായും പ്രത്യക്ഷപ്പെടാം.
അണുബാധയ്‌ക്കുള്ള സാധ്യത
വയറിൽ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾ വരാനും സാധ്യതയുണ്ട്. ഇ കോളി അല്ലെങ്കിൽ സാൽമൊണല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാനിടയുള്ളതിനാൽ അണുബാധയ്‌ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ബിസ്‌കറ്റ് സൂക്ഷിച്ചിരുന്ന സാഹചര്യവും ഈ ഘടകങ്ങളുടെ തീവ്രത നിശ്ചയിക്കുന്നതിൽ നിർണായക ഘടകമാണ്. അതുകൊണ്ട് തന്നെ എക്‌സപയറി ഡേറ്റ് കഴിഞ്ഞ ബിസ്‌കറ്റുകൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും” ഡോക്ടർ പറയുന്നു.















