കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താത്കാലിക സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ സ്റ്റേ അനുവദിച്ചത്. ഹർജിയിൽ എതിർകക്ഷിക്ക് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. സിനിമയിലെ അവസരത്തിനും, അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ചോദിച്ചതായും പരാതിക്കാരി ആരോപിക്കുന്നു. അഡ്ജസ്റ്റ് ചെയ്താൽ പണം വേണ്ടെന്നും കൂടുതൽ അവസരം ലഭിക്കുമെന്നും ഇടവേള ബാബു പറഞ്ഞിരുന്നുവെന്ന് ജൂവിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.