തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ കളക്ടർ ക്ഷണിച്ചത് അനൗദ്യോഗികമായിട്ടാണെന്ന് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. വരില്ലേയെന്ന് ചോദിച്ചു. അങ്ങനെയാണ് പോയതെന്നും മുൻകൂർ ജാമ്യഹർജിയുടെ വാദത്തിനിടെ പിപി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കളക്ടർ പരിപാടിക്ക് ക്ഷണിച്ചുവെന്ന് ആയിരുന്നു ജാമ്യഹർജിയിൽ ദിവ്യ പറഞ്ഞിരുന്നത്. എന്നാൽ താൻ ക്ഷണിച്ചില്ലെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയനും ആവർത്തിച്ചിരുന്നു. ജാമ്യഹർജിയിൽ പോലും ദിവ്യ കളവ് പറയുന്നുവെന്ന വാദവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് പിപി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
എഡിഎമ്മിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ദിവ്യയുടെ പ്രസംഗമെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി. പ്രാദേശിക മാധ്യമത്തെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച ശേഷം അത് ചോദിച്ചു വാങ്ങി. പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദൃശ്യങ്ങൾ വാങ്ങിയത്.
രണ്ടുദിവസത്തിനുള്ളിൽ വ്യക്തമാകുമെന്ന് പറഞ്ഞത് ഭീഷണിയാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും വാദിച്ചു. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച പരിപാടിയിൽ ദിവ്യ പങ്കെടുക്കേണ്ട കാര്യമില്ല.
കേസിൽ ആത്മഹത്യ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് പി.പി ദിവ്യയുടെ അഭിഭാഷകൻ വാദിച്ചു. തന്റെ വാക്കുകൾ ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. കുറ്റം ചുമത്താൻ രാഷ്‌ട്രീയ സമ്മർദ്ദം കാരണമാകരുത്. മാദ്ധ്യമ വേട്ടയുടെ ഇരയാണെന്നും പി.പി ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എഡിഎമ്മിനെതിരെ ജില്ലാ കളക്ടറോട് രാവിലെ ദിവ്യ പരാതി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് വേദി അതിനുള്ള സ്ഥലം അല്ലെന്നും കളക്ടർ പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിവ്യക്ക് ഉത്തരവാദിത്വമുള്ളവർക്ക് പരാതി നൽകാമായിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. എന്നാൽ മുൻകൂർ ജാമ്യത്തിന് എന്ത് ഉപാധിയും അംഗീകരിക്കാമെന്നായിരുന്നു പിപി ദിവ്യയുടെ നിലപാട്.