ദിനോസറുകളുമായി ബന്ധപ്പെട്ട ഓരോ ദിവസവും പുതിയ പഠനങ്ങളും കണ്ടെത്തലുകളും വന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, 106 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ കാൽപ്പാടുകൾ ഗവേഷകർ പരിശോധിച്ചിരുന്നു. ഈ പഠനത്തിൽ നിന്നും പുതിയ ഒരു കണ്ടെത്തൽ കൂടി ഉണ്ടായി. ദിനോസറുകൾ തങ്ങളുടെ വേഗത വർദ്ധിപ്പിക്കാൻ ചിറകിന്റെ സഹായത്തോടെ ഓടിയിരുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ദക്ഷിണ കൊറിയയിൽ അടുത്തിടെ കണ്ടെത്തിയ ദിനോസർ കാൽപ്പാടുകൾ പരിശോധിച്ചതിൽ നിന്നുമാണ് ചിറകുകളുള്ള ദിനോസറുകളെ പറ്റി ഗവേഷകർക്ക് പഠിക്കാൻ കഴിഞ്ഞത്. ഈ കാൽപ്പാടുകൾ ഒരു ദിനോസർ ഇനത്തിൽ പെട്ടതിന്റെയാണ്. ഇത് ഒരു ആധുനിക കുരുവിയോട് സാമ്യമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. പാലിയൻ്റോളജിസ്റ്റുകളെ ആശയക്കുഴപ്പത്തിലാക്കിയത് ദിനോസറുകളുടെ ഓട്ടമായിരുന്നു. ഇത്രയും ചെറിയ ദിനോസറിന്റെ കാൽപ്പാടുകൾ തമ്മിൽ പ്രതീക്ഷിച്ചതിലും വലിയ ദൂരമുണ്ടായിരുന്നു.
ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ഒരു പക്ഷിയുടെ വലിപ്പമുള്ള ദിനോസർ പറക്കുന്നതിനേക്കാൾ വേഗത്തിൽ ഓടാൻ ചിറകുകൾ ഉപയോഗിച്ചുവെന്ന നിഗമനത്തിലേക്ക് ഇത് ഗവേഷകരെ നയിച്ചു. കാൽപ്പാടുകളെക്കുറിച്ചും അവ ഉണ്ടാക്കിയ ജീവിയെക്കുറിച്ചും സംഘം പഠിച്ചു. ചിറകിന്റെ സഹായത്തോടെ ഓടിയതിന്റെ ലക്ഷണങ്ങൾ അവർ കണ്ടെത്തി.
ദിനോസറുകൾ നടക്കുമ്പോൾ ചിലപ്പോൾ ചെളിയിൽ കാൽപ്പാടുകൾ അവശേഷിപ്പിച്ചിരുന്നു. ഈ പ്രിൻ്റുകളിൽ ചിലത് ഫോസിലുകളായി മാറിയത് ഇന്നും കാണാം. ഈ ഫോസിലൈസ്ഡ് കാൽപ്പാടുകളെ ട്രാക്ക് വേകൾ എന്നാണ് വിളിക്കുന്നത്. ഈ സമീപകാല പഠനം നടന്നത് തെക്കുകിഴക്കൻ ദക്ഷിണ കൊറിയയിലെ ഒരു ഖനന സ്ഥലത്ത് കണ്ടെത്തിയ ഒരു ട്രാക്ക് വേയിലാണ്.
25 മുതൽ 31 സെൻ്റീമീറ്റർ വരെ വലിപ്പമുള്ള കാൽപ്പാടുകൾ തമ്മിലുള്ള ഗണ്യമായ വിടവ് കാരണം ട്രാക്കുകൾക്ക് പ്രാധാന്യം ഏറെയായിരുന്നു. ട്രാക്കുകളുടെ വിശകലനം സൂചിപ്പിക്കുന്നത് അവ ഏകദേശം 106 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ടതാണെന്നും ഡ്രോമയോസൗറിഫോർമിപെസ് റാറസ് എന്ന പക്ഷിയുടെ വലിപ്പമുള്ള ദിനോസറിന്റെ ആയിരിക്കാമെന്നുമാണ്.















