കണ്ണൂർ: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യക്ക് കുരുക്ക് മുറുകുന്നു. എഡിഎമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിൽ തെളില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീത സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു.
പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബു കൃത്യമായ ഇടപെടലാണ് നടത്തിയത്. നിയമപരമായ നടപടികളും കൃത്യമായി നടത്തി. കോഴ വാങ്ങിയെന്നതിന് തെളിവുകൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ല. യാത്രയയപ്പിലെ അധിക്ഷേപ പരമാർശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴി അടക്കം 13 പേരുടെ മൊഴികൾ പരിശോധിച്ചതിൽ നിന്നും പി പി ദിവ്യ എങ്ങനെ ചടങ്ങിലേക്കെത്തിയെന്നതിൽ ദുരൂഹതയുണ്ടെന്നും ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ വ്യക്തമാക്കി.
നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന്റെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ തുടക്കം മുതൽ അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. വളഞ്ഞ റോഡിലാണ് പെട്രോൾ പമ്പ് നിർമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ആദ്യം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ടൗൺ പ്ലാനിംഗ് വിഭാഗത്തോട് എഡിഎം റിപ്പോർട്ട് തേടിയ ശേഷമാണ് പെട്രോൾ പമ്പിന് അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ദിവ്യ ഒഴികെ 17 പേരുടെ മൊഴികൾ രേഖപ്പെടുത്തി. മൊഴി എടുക്കുന്നതിനായി ദിവ്യ സാവകാശം ചോദിച്ചിരുന്നുവെന്നും എ ഗീത നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.















