ന്യൂഡൽഹി: ജസ്റ്റീസ് സഞ്ജീവ് ഖന്ന പുതിയ ചീഫ് ജസ്റ്റീസ് ആകും. ഇത് സംബന്ധിച്ച വിജ്ഞാപനം രാഷ്‌ട്രപതി പുറത്തിറക്കി. നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കുമെന്ന്് കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്‌വാൾ അറിയിച്ചു.
രാജ്യത്തിന്റെ 51 ാം ചീഫ് ജസ്റ്റീസ് ആയിട്ടാണ് സഞ്ജീവ് ഖന്ന ചുമതലയേൽക്കുന്നത്. 2025 മെയ് 13 വരെ ഏഴ് മാസക്കാലം മാത്രമാണ് ചീഫ് ജസ്റ്റീസ് പദവിയിൽ അദ്ദേഹത്തിന്റെ കാലാവധി. ജസ്റ്റീസ് സഞ്ജീവ് ഖന്നയെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീംകോടതി ജസ്റ്റീസുമാരിൽ സീനിയോറിറ്റിയിൽ രണ്ടാമനാണ് ഇദ്ദേഹം.
ഡൽഹി ഹൈക്കോടതിയിൽ നിന്ന് 2019 ജനുവരി 18 നാണ് ജസ്റ്റീസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജസ്റ്റീസ് ആയി ചുമതലയേൽക്കുന്നത്. 1983 ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 2005 ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി നിയമിതനായി. ഒരു വർഷത്തിന് ശേഷം ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി ഉയർത്തപ്പെട്ടു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം. ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയ വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ചിലും ജസ്റ്റീസ് സഞ്ജീവ് ഖന്ന ഉണ്ടായിരുന്നു. നവംബർ 10 നാണ് നിലവിലെ ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് സ്ഥാനമൊഴിയുന്നത്.















