പനാജി: 55-ാമത് ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി സ്വതന്ത്ര്യ വീർ സവർക്കർ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനി വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പ്രേക്ഷകരുടെ മുന്നിലേക്കെത്തിച്ച ചിത്രമാണിത്. ഇതിനുപുറമെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് 4 ചിത്രങ്ങൾ പ്രദർശിപ്പിക്കും.
നവംബർ 20 മുതൽ 28 വരെയാണ് ഗോവയിൽ മേള നടക്കുന്നത്. ആടുജീവിതം, ലെവൽക്രോസ്, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ് എന്നീ മലയാള ചലച്ചിത്രങ്ങളാണ് ഗോവയിൽ പ്രദർശിപ്പിക്കുന്നത്. 384 ചിത്രങ്ങളായിരുന്നു മത്സര ഇനങ്ങളിലേക്ക് എത്തിയത്. ഇതിൽ നിന്നും 25 സിനിമകൾ ഫീച്ചർ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തു. മുഖ്യധാരാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലൊന്നായാണ് മഞ്ഞുമ്മൽ ബോയ്‌സിനെ തെരഞ്ഞെടുത്തത്.
സ്വാതന്ത്ര്യ സമര കാലത്തെ ത്യാഗവും പോരാട്ടങ്ങളും നിറഞ്ഞ സവർക്കറുടെ ജീവിതയാത്രയാണ് സ്വതന്ത്ര്യ വീർ സവർക്കർ തുറന്നുകാട്ടിയത്. ഭാരതത്തിന്റെ മോചനത്തിനായി അദ്ദേഹം സഹിച്ച ത്യാഗവും സമർപ്പണവും വരച്ചുകാട്ടിയ സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. രൺദീപ് ഹൂഡയുടെ സംവിധാനത്തിൽ അദ്ദേഹം തന്നെ നായകനായി എത്തിയ സിനിമയായിരുന്നു സ്വാതന്ത്ര്യ വീർ സവർക്കർ.















