ദുബായിലെ ഏറ്റവും തിരക്കേറിയ മൂന്ന് മാളുകളിൽ അടുത്ത വർഷം ജനുവരി ഒന്ന് മുതൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തുന്നു. മാൾ ഓഫ് ദി എമിറേറ്റ്സ്, ദേര സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ എന്നീ മാളുകളിലാണ് പാർക്കിങ്ങിന് തുക ഈടാക്കുന്നത്.ദുബായിലെ പാർക്കിംഗ് കൈകാര്യം ചെയ്യുന്ന പാർക്കിൻ കമ്പനി, മാജിദ് അൽ ഫുതെയിം ഗ്രൂപ്പുമായി സഹകരിച്ചാണ് മാൾ ഓഫ് ദി എമിറേറ്റ്സ്, ദേര സിറ്റി സെന്റർ, മിർദിഫ് സിറ്റി സെന്റർ എന്നീ മാളുകളിൽ പാർക്കിംഗിന് തുക ഈടാക്കുക.
മാളിലേക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും ഗേറ്റുകളിൽ വാഹനം നിർത്തേണ്ടതില്ല.അത്യാധുനിക ക്യാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്ത് സമയം കണക്കാക്കി തുക സംബന്ധിച്ച് സന്ദേശം നൽകും. എസ്.എം.എസ് ആയോ ആപ്പ് വഴിയോ ആണ് അറിയിപ്പ് ലഭിക്കുന്നത്. ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ തുക നൽകാം. ആദ്യ അഞ്ച് വർഷത്തേക്ക് പാർക്കിംഗ് നിരക്കിൽ മാറ്റമുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു. മൂന്ന് മാളുകളിലായി അകെ 21000 പാർക്കിംഗ് ഇടങ്ങളാണ് ഉള്ളത്. പുതിയ പാർക്കിംഗ് സംവിധാനം വഴി തിരക്ക് ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.













