പത്തനംതിട്ട: പൊലീസ് നോക്കിനിൽക്കെ നടുറോഡിൽ എസ്എഫ്‌ഐക്കാരുടെ തമ്മിലടി. പത്തനംതിട്ട നഗരമധ്യത്തിൽ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കാതോലിക്കേറ്റ് കോളേജിലെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്‌നത്തിന് കാരണം. യൂണിയൻ കെഎസ്‌യുവിൽ നിന്ന് പിടിച്ചെടുത്തതിന്റെ ആഘോഷം അവസാനിക്കും മുൻപാണ് എസ്എഫ്‌ഐക്കാർ തെരുവിൽ തല്ലിയത്.
യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തുനിന്നുളളവരുമായി കോളേജിനുളളിൽ എസ്എഫ്‌ഐ പ്രവർത്തകർ തർക്കവും ഉന്തും തളളും ഉണ്ടായി. ഇതിനിടെ പുറത്തുനിന്നുളള ഡിവൈഎഫ്‌ഐ പ്രവർത്തകരും കോളേജിന്റെ പരിസരത്ത് എത്തി. സംഘർഷാവസ്ഥ നിലനിന്നെങ്കിലും ഇവിടെ നിന്ന് എല്ലാവരും പിന്നീട് പിരിഞ്ഞുപോയി. ഇതിന് ശേഷമായിരുന്നു നഗരമധ്യത്തിൽ വെച്ച് തമ്മിലടിച്ചത്.
പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദ്ദനം. പ്രശ്‌നക്കാരെ പൊലീസ് ബലം പ്രയോഗിച്ചാണ് ജീപ്പിനുളളിലേക്ക് കയറ്റിയത്. ഇതിനിടെ പൊലീസിന്റെ മുൻപിൽ വെച്ച് സംഘർഷമുണ്ടാക്കിയ കുട്ടിസഖാക്കളെ ലാത്തിക്ക് അടിച്ചാണ് പിരിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഘർഷമുണ്ടാക്കിയവരെ ബലമായി പിടിച്ചുമാറ്റുന്നതിനിടെയാണ് എസ്‌ഐക്കും പൊലീസിനും പരിക്കേറ്റതെന്നാണ് വിവരം.
സംഭവം വാർത്തയായതോടെ തമ്മിലടിയിൽ എസ്എഫ്‌ഐക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.















