ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിന് കുരുക്ക് മുറുക്കി എൻഐഎ. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചു. മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലാണ് അൻമോളിനെ എൻഐഎ ഉൾപ്പെടുത്തിയിരിക്കുന്നത്.
മഹാരാഷ്‌ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അൻമോൾ ബിഷ്‌ണോയിയും ഗൂഢാലോചനയുടെ ഭാഗമായിട്ടുണ്ടെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിലും എൻഐഎ തേടുന്ന കുറ്റവാളിയാണ് അൻമോൾ ബിഷ്‌ണോയ്.
സംഘടിത കുറ്റകൃത്യങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന കുറ്റവാളികളെ പിടികൂടാനുള്ള എൻഐഎയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് റിവാർഡ് പ്രഖ്യാപനം. അൻമോളിനെ കുറിച്ച് വിവരം ലഭിക്കുന്നവർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്നും എൻഐഎ അറിയിച്ചു.
അതിർത്തി കടന്നുള്ള മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ സബർമതി ജയിലിലാണ് ലോറൻസ് ബിഷ്‌ണോയ്. അൻമോളിന്റെ നേതൃത്വത്തിലാണ് സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇയാൾക്കെതിരെയുള്ള രണ്ട് കേസുകളുടെ കുറ്റപത്രവും എൻഐഎ സമർപ്പിച്ചു.















