ന്യൂഡൽഹി: ഒക്‌ടോബർ 25-26 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഏഴാമത് ഇൻഡോ ജർമ്മൻ ഇൻ്റർഗവൺമെൻ്റൽ കൺസൾട്ടേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമ്മൻ ചാൻസലർ ഒലഫ് ഷോൾസും ചേർന്ന് അധ്യക്ഷത വഹിക്കും.
ജർമ്മനിയുമായി ഇന്ത്യയ്‌ക്ക് ഉള്ള ഒരു സവിശേഷ സംവിധാനമാണ് ഐജിസി. ഇരുഭാഗത്തുമുള്ള മന്ത്രിമാർ അവരുടെ ഉത്തരവാദിത്ത മേഖലകളിൽ ചർച്ചകൾ നടത്തുകയും അവരുടെ ചർച്ചകളുടെ ഫലം പ്രധാനമന്ത്രിക്കും ചാൻസലർക്കും റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സമ്പൂർണ സർക്കാർ ചട്ടക്കൂടാണ് ഇത്.
ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ സമഗ്രമായ അവലോകനത്തിനും കാബിനറ്റ് തലത്തിലുള്ള മീറ്റിങ്ങുകൾക്കും പുതിയ സഹകരണ മേഖലകൾ തിരിച്ചറിയുന്നതിനു വേണ്ടിയും രണ്ടു വര്ഷം കൂടുമ്പോൾ സമ്മേളിക്കുന്ന രീതിയിൽ IGC ഫോർമാറ്റ് 2011- ലാണ് സമാരംഭിച്ചത് . ജർമ്മനിക്ക് അത്തരമൊരു സംവിധാനം ഉള്ള രാജ്യങ്ങളുടെ തിരഞ്ഞെടുത്ത ഗ്രൂപ്പിൽ ഇന്ത്യയും ഉൾപ്പെടുന്നു.
ഈ വർഷം, ഇന്ത്യയും ജർമ്മനിയും ശാസ്ത്ര സാങ്കേതിക സഹകരണത്തിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നു. ഈ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ , ബഹിരാകാശ ഗവേഷണം, AI, സുസ്ഥിരത, ഭൂമി, പരിസ്ഥിതി ശാസ്ത്രം,തുടങ്ങി നിരവധി മേഖലകളിൽ ഇരുപക്ഷവും പദ്ധതികൾ ഏറ്റെടുത്തു.
യൂറോപ്യൻ യൂണിയനിൽ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളിൽ ഒന്നാണ് ജർമ്മനി. 1951-ലാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിക്കപ്പെട്ടത്, 2000 മുതൽ ജർമ്മനിയും ഇന്ത്യയും തന്ത്രപ്രധാന പങ്കാളികളാണ്. ആഗോള വെല്ലുവിളികളെ സംയുക്തമായി നേരിടാൻ ഇരുപക്ഷവും ഉഭയകക്ഷി സുരക്ഷയും പ്രതിരോധ സഹകരണവും ശക്തമാക്കുകയാണ്.
ഇൻഡോ-ജർമ്മൻ ചേംബർ ഓഫ് കൊമേഴ്‌സ് പ്രകാരം 2000-ലധികം ജർമ്മൻ കമ്പനികൾ ഇന്ത്യയിൽ സജീവമാണ്.















