‘പല്ലൊട്ടി 90’s കിഡ്സി’നെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. പേര് സൂചിപ്പിക്കുന്നത് പോലെ തൊണ്ണൂറുകളിലെ കുട്ടികളുടെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയാണ് ഈ ചിത്രം. കുട്ടികളുടെ മികച്ച ചിത്രത്തിനും, മികച്ച ബാലതാരത്തിനും, മികച്ച പിന്നണി ഗായകനുമുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പല്ലൊട്ടി 90’s കിഡ്സ് നേടിയിരുന്നു.
ഡിജിറ്റൽ ലോകത്തിന്റെ തുടർച്ചയിൽ ജീവിക്കുമ്പോഴും ഇടയ്ക്കൊക്കെ നമ്മുടെ പഴയകാലത്തിലേക്ക് തിരിഞ്ഞു പോകുന്ന മനസിനെ തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് സാധിക്കുന്നു. സമീപകാല സിനിമകളിൽ കണ്ടുവരുന്ന രക്തച്ചൊരിച്ചിലുകളോ ആക്രമണങ്ങളോ ‘പല്ലൊട്ടി’യിൽ ഇല്ല. സൗഹൃദവും ഗൃഹാതുരത്വവും ഇഴചേരുന്ന ഏടുകളാണ് ഓരോ ഫ്രെയിമിലുമുള്ളത്. അതിനാൽ സകുടുംബം ആസ്വദിക്കാൻ പറ്റുന്ന ഫുൾ ഓൺ ഫീൽ ഗുഡ് സിനിമയാണിത്.
സാജിദ് യാഹ്യയും നിതിൻ രാധാകൃഷ്ണനും നിർമിച്ച ചിത്രത്തിന്റെ സംവിധായകൻ ജിതിൻ രാജാണ്. സംവിധായകൻ, കഥാകൃത്ത്, ഛായാഗ്രാഹകൻ, ചിത്രസംയോജകൻ ഉൾപ്പെടെ സിനിമയുടെ പ്രധാന പിന്നണി സംഘം മുഴുവൻ പുതുമുഖങ്ങളാണെന്ന സവിശേഷതയും പല്ലൊട്ടിക്കുണ്ട്. മാത്രമല്ല കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളത്തിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ മുപ്പതോളം ബാലതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമയ്ക്ക് മികച്ച ബാലതാരത്തിനും പിന്നണി ഗായകനുമുള്ള ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.















