പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റിയംഗം അബ്ദുൾ ഷുക്കൂർ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് തട്ടിക്കയറി മുൻ എംപിയും സിപിഎം മുതിർന്ന നേതാവുമായ എൻ.എൻ കൃഷ്ണദാസ്. ഒരു കോലും കൊണ്ടുവന്നാൽ അതിനൊക്കെ മറുപടി പറയലാണോ തന്റെ ജോലിയെന്ന് ചോദിച്ച് മാദ്ധ്യമങ്ങളോട് കയർക്കുകയായിരുന്നു അദ്ദേഹം.
“മാറ്, മാറ്.. എല്ലാവരോടും പെരുമാറുന്ന പോലെ എന്നോട് പെരുമാറരുത്.. ഒരുകോലും കൊണ്ട് വന്നാൽ മറുപടി പറയലാണോ എന്റെ പണി? “- എൻ.എൻ കൃഷ്ണദാസ് ചോദിച്ചു. ഷുക്കൂർ പാർട്ടി വിടുന്നുണ്ടോയെന്ന് അയാളോട് തന്നെ ചോദിക്കണം. മാദ്ധ്യമങ്ങൾ കഴുകന്മാരെ പോലെ നടക്കുകയാണ്. ഞങ്ങളുടെ പാർട്ടിയിലെ പ്രശ്നങ്ങൾ ഞങ്ങൾ പരിഹരിച്ചോളാം. മറ്റുള്ളവരോട് പെരുമാറുന്നപോലെ എന്നോട് പെരുമാറാൻ വരരുതെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.
ജില്ലാ നേതൃത്വം അപമാനിച്ചുവെന്നും അവഗണിച്ചുവെന്നുമായിരുന്നു ഷുക്കൂറിന്റെ പരാതി. ഇനി ഈ കൊടിക്ക് കീഴിൽ പ്രവർത്തിക്കില്ലെന്നും ഷുക്കൂർ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും, ചവിട്ടിത്താഴ്‌ത്തി. ഒരുപാട് സഹിച്ചു, ഏകാധിപതിയെ പോലെയാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പെരുമാറുന്നത്. ഇത് അസഹനീയമാണെന്നും ഷുക്കൂർ വെളിപ്പെടുത്തിയിരുന്നു. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷുക്കൂർ പാലക്കാട് നഗരസഭ കൗൺസിലറും പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററുമാണ്.