രോഗിയുടെ പുരികത്തിലൂടെ ആപ്പിളിന്റെ വലുപ്പമുളള ബ്രെയിൻ ട്യൂമർ നീക്കം ചെയ്തു. സ്‌കോട്ട്‌ലൻഡിലെ ഒരു സർജനാണ് വ്യത്യസ്തമായി ശസ്ത്രക്രിയ രീതി പരീക്ഷിച്ച് വിജയിച്ചത്.
കൺസൾട്ടൻ്റ് ന്യൂറോ സർജൻ അനസ്താസിയോസ് ജിയാമൗറിയാഡിസാണ് കീഹോൾ സർജറി വഴി ട്യൂമർ പുറത്തെടുത്തത്. സർജറിക്ക് ശേഷം പാടുകൾ അവശേഷിക്കില്ലെന്നതാണ് ഇതിന്റെ പ്രധാന മേന്മ. കൂടാതെ വേഗത്തിൽ രോഗിക്ക് സാധാരണ ജീവിത്തിലേക്ക് തിരിച്ച് വരാനും സാധിക്കും.
സാധാരണയായി തലയോട്ടി തുരന്നു കൊണ്ടുള്ള ക്രാനിയോടമി വഴിയാണ് ബ്രെയിൻ ട്യൂമർ നീക്കം ചെയ്യുന്നത്. എട്ട് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ശസ്ത്രക്രിയയ്‌ക്ക് ശേഷം ദിവസങ്ങളോളം ആശുപത്രി വാസവും വേണ്ടിവരും. എന്നാൽ പുതിയ രീതിയിൽ ശസ്ത്രക്രിയയ്‌ക്ക് പകുതിയിൽ താഴെ സമയമേ ആവശ്യമുള്ളൂ. മാത്രമല്ല രോഗിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ അതേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങാം.