ന്യൂഡൽഹി: ഇന്ത്യൻ പ്രൊഫഷണലുകൾക്ക് പ്രതിവർഷം അനുവദിക്കുന്ന വിസയുടെ എണ്ണം ജർമനി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിസയുടെ എണ്ണം 20,000 ൽ നിന്നും 90,000 ആയി ഉയർത്താൻ ജർമനി തീരുമാനിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ജർമൻ ബിസിനസ് 2024 ന്റെ ഏഷ്യ പസഫിക് കോൺഫറൻസിലായിരുന്നു ഇക്കാര്യങ്ങൾ ചർച്ചയായത്.
ജർമനിയിലെ സർവ്വകലാശാലകളിലേക്കെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ വർഷം മാത്രം ജർമനിയിലേക്കെത്തിയ ഇന്ത്യൻ തൊഴിലാളികളുടെ എണ്ണം 23,000 കടന്നു. വിദഗ്ധരായ ഇന്ത്യൻ പ്രൊഫഷണലുകളെ ജർമനിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അവർക്കായി വിസയുടെ എണ്ണം വർദ്ധിപ്പിക്കാൻ ജർമനി തീരുമാനിച്ചെന്നും ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് വ്യക്തമാക്കി.
ഡിജിറ്റൈസേഷൻ, ഉപയോക്തൃ സൗഹൃദ സംരംഭങ്ങൾ എന്നിവയിലൂടെ വിസ നടപടികൾ വേഗത്തിലാക്കുമെന്നും ഒലാഫ് പറഞ്ഞു. അതേസമയം ജർമനിയിലുള്ള അനധികൃത കുടിയേറ്റങ്ങളും ക്രമരഹിതമായ കുടിയേറ്റങ്ങളും കുറയ്‌ക്കാനുള്ള ശ്രമങ്ങളും ഇതിനൊപ്പം നടക്കുന്നുണ്ട്. ജർമനിയിൽ ജീവിക്കാൻ യോഗ്യരല്ലാത്തവരെ തിരികെ അവരുടെ രാജ്യത്തേക്ക് അയക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഒലാഫ് വ്യക്തമാക്കി.















