തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് ജില്ലാ സ്‌കൂൾ കായികമേള നടത്തിയ സംഘാടർക്കെതിരെ രൂക്ഷ വിമർശനം. കായിക മേള നിർത്തി വയ്‌ക്കുന്നതിനോ മാറ്റി വയ്‌ക്കുന്നതിനോ സംഘാടകർ തയ്യാറായില്ല. തിരുവനന്തപുരം എൽഎൻസിപിയിലാണ് കായിക മത്സരങ്ങൾ നടന്നത്.
രാവിലെ മുതൽ തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ സിന്തറ്റിക് ട്രാക്കിലും ഫീൽഡിലും വെള്ളം നിറഞ്ഞെങ്കിലും മത്സരങ്ങൾ മാറ്റി വയ്‌ക്കാതെ ജില്ലാ കായിക മേളകൾ തുടരുകയായിരുന്നു. ഓട്ട മത്സരങ്ങളാണ് ആദ്യം ആരംഭിച്ചത്.
മഴ തുടർന്നതോടെ കായിക താരങ്ങളുടെ സ്‌പൈക്കിൽ വെള്ളം കയറി. ഇതോടെ സ്‌പൈക്ക് ഉപേക്ഷിച്ചാണ് പലരും ഓട്ട മത്സരത്തിൽ പങ്കെടുത്തത്. കായിക താരങ്ങളിൽ പലർക്കും തെന്നിവീണ് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രക്ഷിതാക്കളും സംഘാടകരും തമ്മിൽ വാക്കേറ്റമുണ്ടായി. മഴ നനയാതെ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും നിൽക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയില്ലെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.