ന്യൂഡൽഹി: ശബരിമല തീർത്ഥാടന കാലം പ്രമാണിച്ച് എയര്‍ക്രാഫ്റ്റ് ചട്ടങ്ങളില്‍ ഇളവ് വരുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം. ഇരുമുടികെട്ടിൽ കൊണ്ടുപോകാവുന്ന വസ്തുക്കൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
പുതിയ ചട്ടപ്രകാരം ഇരുമുടികെട്ടിൽ കരുതുന്ന നെയ്യ് തേങ്ങ വിമാന ക്യാബിനിൽ സൂക്ഷിക്കാം. യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് അനുമതി നൽകുക. മണ്ഡല-മകര വിളക്ക് തീർത്ഥാടനം അവസാനിക്കുന്നത് വരെയാണ് ഇളവ് അനുവദിക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർക്ക് അനുഗ്രഹമാകും പുതിയ തീരുമാനം. ഒപ്പം കൂടുതൽ ഭക്തർ വിമാനമാർഗം എത്തുന്നത് വ്യോമയാന മേഖലയ്‌ക്കും ഗുണം ചെയ്യും.















