അങ്കാറ: തുർക്കിയിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പികെകെ (കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി). അഞ്ച് പേരുടെ ജീവനെടുക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണം തുർക്കിയുടെ തലസ്ഥാനമായ അങ്കാറയ്‌ക്ക് സമീപം സ്ഥിതിചെയ്യുന്ന ടുസസിന്റെ (TUSAS) ആസ്ഥാനത്തായിരുന്നു നടന്നത്. തുർക്കി ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതിരോധ കമ്പനിയാണിത്.
അങ്കാറയിലെ “ത്യാഗ പ്രവൃത്തി” ചെയ്തത് പികെകെയുടെ ഇമ്മോർട്ടൽസ് ബറ്റാലിയന്റെ ഒരു ടീമാണെന്നായിരുന്നു PKKയുടെ പ്രസ്താവന. ടെലിഗ്രാമിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം പികെകെ ഏറ്റെടുത്തത്. പിന്നിൽ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയാണെന്ന് അന്നേദിവസം തന്നെ തുർക്കി ഭരണകൂടം ആരോപിച്ചിരുന്നു.
ഭീകരാക്രമണത്തിന് പിന്നാലെ വടക്കൻ സിറിയയിലും വടക്കൻ ഇറാഖിലുമുള്ള കുർദ് വിമതരുടെ താവളങ്ങളിൽ തുർക്കി സേന
വ്യോമാക്രമണം നടത്തുകയും ചെയ്തു. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ മുപ്പതിലധികം താവളങ്ങൾ ബോംബാക്രമണത്തിൽ തകർന്നു.
തുർക്കിയിലെ എയ്റോസ്പേസ് ഇൻഡസ്ട്രിയാണ് ഭീകരാക്രമണത്തിന് വേദിയായ TUSAS. ബുധനാഴ്ചയായിരുന്നു ആക്രമണം നടന്നത്. ഇരച്ചെത്തിയ അക്രമികൾ ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ച് കമ്പനിയിലെ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുർക്കിയിലെ യാത്രാവിമാനങ്ങളും സൈനിക എയർക്രാഫ്റ്റുകളും നിർമിക്കുന്ന കമ്പനിയിലാണ് ആക്രമണം നടന്നത്.















