ആലപ്പുഴ; ഭർത്താവിനെ കാത്ത് നിന്ന തന്നെ പാർട്ടി ഓഫീസിൽ വിളിച്ചുകയറ്റി പീഡിപ്പിച്ചുവെന്ന പ്രവർത്തകയുടെ പരാതിയിൽ ആരോപണ വിധേയനായ പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്എം ഇക്ബാലിനെ ഗത്യന്തരമില്ലാതെ നീക്കി പാർട്ടി. കുറ്റക്കാരൻ അല്ലെന്ന് പാർട്ടി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് യുവതി പൊലിസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം ചർച്ചയായത്. നാണക്കേടാകുമെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വത്തിന്റെ നടപടി.
പരാതിയിൽ ആലപ്പുഴ നോർത്ത് പൊലിസ് ഇക്ബാലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇരയുടെ മൊഴി പുറത്തുവന്നതോടെ പാർട്ടിക്ക് നാണക്കേടായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ നിർദേശ പ്രകാരമാണ് ഇഖ്ബാലിനെ നീക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസമാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്. ഡി സലീം കുമാറിന് സെക്രട്ടറിയുടെ ചുമതല നൽകിയിട്ടുണ്ട്.
2023 ആഗസ്റ്റ് അവസാനത്തോടെയായിരുന്നു സംഭവം. പാട്യം പാർട്ടി ഓഫീസിന് മുന്നിൽ ഭർത്താവിനെ കാത്തുനിന്ന തന്നോട് ഓഫിസിനുള്ളിലേക്ക് കയറി ഇരിക്കാൻ ഇക്ബാൽ ആവശ്യപ്പെട്ടു. പിന്നീട് പിറകിൽ നിന്ന് വന്ന ഇയാൾ തന്നെ കടന്നുപിടിച്ചു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വിണ്ടും ശരീരത്തിൽ സ്പര്ശിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കാം എന്ന് പറഞ്ഞായിരുന്നു അതിക്രമമെന്നും യുവതി മൊഴി നൽകിയിരുന്നു. ബലം പ്രയോഗിച്ചാണ് അവിടെ നിന്ന് രക്ഷപെട്ടതെന്നും യുവതി പറഞ്ഞിരുന്നു.
വിഷയത്തിൽ പാർട്ടി നേതൃത്വത്തിൽ നിന്ന് നീതി കിട്ടുമെന്നു കരുതിയാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിട്ടും ഇക്ബാലിനെ വീണ്ടും പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കുകയാണ് പാർട്ടി ചെയ്തത്. ബ്രാഞ്ച് കമ്മറ്റി അംഗവും, മഹിളാ അസോസിയേഷൻ ഏരിയ കമ്മറ്റി അംഗവുമാണ് പരാതിക്കാരി.
പരാതിക്കാരി രണ്ട് തവണ വിഷയം ഉന്നയിച്ച് സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. രണ്ട് തവണയും എംവി ഗോവിന്ദൻ ഇടപെട്ട് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കപെട്ടില്ല. ഇരയാക്കപ്പെട്ട സ്ത്രീയെ കെടിഡിസിയിലെ താത്കാലിക ജോലിയിൽ നിന്ന് പാർട്ടി നേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയും ചെയ്തു. ലൈംഗീകാതിക്രമത്തിന് ഇരയായ തനിക്ക് നീതി കിട്ടിയില്ലെന്ന് മാത്രമല്ല പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ പകപോക്കലിനുകൂടി ഇരയാക്കപ്പെടുകയാണെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.















