ന്യൂഡൽഹി: ബഹിരാകാശ മേഖലയിൽ ബയോടെക്നോളജി വികസിപ്പിക്കാൻ ഇസ്രോ. ഡിപ്പാർട്ട്മെന്റ് ഓഫ് ബയോടെക്നോളജിയും (ഡിബിടി) ഐഎസ്ആർഒയും ഇത് സംബന്ധിച്ച് ധാരണപത്രത്തിൽ ഒപ്പുവച്ചു. ബഹിരാകാശ യാത്രികരുടെ ആരോഗ്യകാര്യത്തിലും ഭക്ഷണരീതികളിലും നിർണായക പങ്ക് വഹിക്കാൻ ജൈവ സാങ്കേതികവിദ്യക്ക് സാധിക്കും, അതിലേക്ക് വെളിച്ചം വീശുന്നതാണ് ധാരണപത്രം.
മൈക്രോഗ്രാവിറ്റി അഥവാ സീറോ ഗ്രാവിറ്റിയിൽ മനുഷ്യന്റെ പേശികൾക്ക് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്. ഇത് പരിഹരിക്കാൻ ഭക്ഷ്യയോഗ്യമായ ആൽഗകൾക്ക് സാധിക്കുമോയെന്ന് പരിശോധിക്കും. ബഹിരാകാശത്ത് മനുഷ്യജീവൻ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന സയാനോബാക്ടീരിയയെ യൂറിയയിൽ നിന്ന് ഉത്പാദിപ്പിക്കാനും ഇസ്രോയും ഡിബിടിയും പഠനങ്ങളും പരീക്ഷണങ്ങളും നടത്തും. ബഹിരാകാശ സഞ്ചാരികൾ ഭക്ഷണ പദാർത്ഥമായി ഉപയോഗിക്കുന്നത് സ്പിരുലിന എന്ന സയനോബാക്ടീരിയ ആണ്.
ഇതിന് പുറമേ വിവിധ മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ, ബഹിരാകാശ ബയോ മാനുഫാക്ചറിംഗ്, ബയോ ആസ്ട്രോനോട്ടിക്സ് എന്നിവയിലും സഹകരണം വർദ്ധിപ്പിക്കുമെന്നും ധാരണപത്രത്തിലുണ്ട്. ബയോടെക്നോളജി വികസിപ്പിക്കുന്നതിനായി ലബോറട്ടറികൾ സ്ഥാപിക്കാനും ബഹിരാകാശത്ത് ഉപയോഗിക്കാൻ സാധിക്കുന്ന ഉപകരണങ്ങൾ നിർമിക്കുന്നതിലേക്കും ഇത് വഴിവയ്‌ക്കുമെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു.
പോഷകഹാരം, മാലിന്യ സംസ്കരണം എന്നിവയാണ് മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലെ പ്രധാന വെല്ലുവിളിയെന്ന് ഡിബിടിയിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോ. വംശി കൃഷ്ണ പറഞ്ഞു. എന്നാൽ ഇവയെ ചെറുക്കാൻ കെൽപ്പുള്ളവയാണ് മൈക്രോ ആൽഗേകൾ. മൈക്രോഗ്രാവിറ്റി അവസ്ഥയിൽ ഇവ അതിവേഗം വളരുകയും ഓക്സിജനും കാർബൺ ഡൈ ഓക്സൈഡും പുനരുത്പാദിപ്പിക്കാനും സാധിക്കും. ഭാവിയിൽ ബഹിരാകാശത്ത് കൃഷിക്ക് അനുയോജ്യമായ മൈക്രോ ആല്ഡഗേയുിടെ ഇനത്തെ കണ്ടെത്തുന്നതിനും ഈ പരീക്ഷണം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് മുതൽ 11 ദിവസം വരെ ബഹിരാകാശത്ത് തുടർന്നാൽ 20 ശതമാനം വരെ പേശിനഷ്ടം ബഹിരാകാശ യാത്രികർക്ക് അനുഭവപ്പെട്ടേക്കാം. സാർകോപോണിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്. ഇത് തടയാനുള്ള സപ്ലിമെൻ്റുകളെ കുറിച്ചുള്ള ഗവേഷണത്തിനും ഈ സഹകരണം വഴിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ ബഹിരാകാശയാത്രികൻ സുഭാൻഷു ശുക്ലയെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന ആക്‌സിയം-4 ദൗത്യത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ള അഞ്ച് പരീക്ഷണങ്ങളിൽ മുകളിൽ സൂചിപ്പിച്ച പരീക്ഷണങ്ങളും ഉൾപ്പെടുന്നു. ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള മൂന്ന് ആളില്ലാ ബഹിരാകാശ യാത്രകൾകളിൽ, മനുഷ്യന്റെ ഇടപെടലില്ലാതെ നടത്താവുന്ന പരീക്ഷണങ്ങൾ വികസിപ്പിക്കുന്നതിലും ഈ സഹകരണം സഹായിക്കും.