പാലക്കാട്: പ്രതികരണം ആരാഞ്ഞ മാദ്ധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച സിപിഎം സംസ്ഥാന കമ്മറ്റിയംഗം എൻ.എൻ കൃഷ്ണദാസിനെ പരോക്ഷമായി വിമർശിച്ച് സിപിഎം മുതിർന്ന നേതാവ് പി.കെ ശ്രീമതി. മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകളും പ്രയോഗങ്ങളും പാടില്ലെന്ന് അവർ പറഞ്ഞു.
ഇന്നെ വരെ ഒരു ചീത്ത വാക്കും ഉപയോഗിക്കാത്തൊരാളാണ് താനെന്നും പികെ ശ്രീമതി പറഞ്ഞു. എന്നെ വിമർശിച്ച എത്രയോ വിഷയങ്ങളുണ്ടായിട്ടുണ്ട്. പത്രമാദ്ധ്യമങ്ങൾ എന്നെ കുത്തികീറി മലർത്തി കൊന്നിട്ടുണ്ട്. എന്നാൽ എന്റെ വായിൽ നിന്നൊരു ചീത്ത വാക്ക് ഇന്നുവരെ ഉപയോഗിച്ചിട്ടില്ല, ഇനി ഉപയോഗിക്കാനും പോകുന്നില്ല. എന്നാൽ ഏത് സന്ദർഭത്തിലാണ് എൻ.എൻ കൃഷ്ണദാസിന്റെ വായിൽ നിന്ന് അങ്ങനെ വന്നുപോയതെന്ന് അറിയില്ലെന്നും ശ്രീമതി പറഞ്ഞു.
മാദ്ധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിത്തെറിച്ചത് ബോധപൂർവമാണെന്ന് എൻ.എൻ കൃഷ്ണദാസ് പറഞ്ഞു. ഇറച്ചിക്കടയിൽ കാത്തുനിൽക്കുന്ന പട്ടികളെ പോലെ ഷുക്കൂറിന്റെ വീടിന് മുൻപിൽ കാത്തുനിന്നവർ ലജ്ജിച്ച് തലതാഴ്‌ത്തണമെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരണം നടത്തിയത്. ഷുക്കൂറിനെ ഞങ്ങളിൽ നിന്ന് അടർത്തിക്കൊണ്ട് പോകാൻ വന്നവരെയാണ് ഞാൻ പട്ടികളോട് ഉപമിച്ചതെന്നും സിപിഎം നേതാവ് പറഞ്ഞു.
മാദ്ധ്യമപ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ എൻഎൻ കൃഷ്ണദാസിനെതിരെ കേരള പത്രപ്രവർത്തക യൂണിയനും രംഗത്തുവന്നിട്ടുണ്ട്. കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.