മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയെ വെല്ലുവിളിച്ച് വർളി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ശിവസേന നേതാവ് മിലിന്ദ് ദേവ്‌റ സ്ഥിരീകരിച്ചു.രാജ്യസഭാ എംപി മിലിന്ദ് ദേവ്‌റയെ വർളിയിലെ പോരാട്ടത്തിനിറക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മിലിന്ദ് ദേവ്‌റയുടെ സ്ഥിരീകരണം
“വർളിക്കും വർളിക്കാർക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി @mieknathshinde ji വിശ്വസിക്കുന്നു. ഞങ്ങൾ ഒരുമിച്ച് മുന്നോട്ട് പോകുകയാണ്, ഞങ്ങളുടെ കാഴ്ചപ്പാട് ഉടൻ പങ്കിടും. ,” ദിയോറ എക്‌സിൽ പോസ്റ്റ് ചെയ്തു.
ശിവസേനയുടെ (യുബിടി) ആദിത്യ താക്കറെ അതേ സീറ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
ദക്ഷിണ മുംബൈയിൽ നിന്ന് മൂന്ന് തവണ പാർലമെൻ്റ് അംഗമായ മിലിന്ദ് ദേവ്റ നിലവിൽ രാജ്യസഭാംഗമാണ്. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വർളി മേഖലയുടെ നടത്തിപ്പ് ചുമതല ദേവ്‌റയെ ഏൽപ്പിച്ചിരുന്നു. പരമ്പരാഗതമായി താക്കറെയുടെ സ്വാധീനത്തിൻ കീഴിലായിരുന്ന വർളിയിൽ ഉദ്ധവ് താക്കറെ വിഭാഗത്തിന് നേരിയ ലീഡ് മാത്രമാണ് മുൻ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സേന (യുബിടി) സ്ഥാനാർത്ഥി അരവിന്ദ് സാവന്തിന് 6,715 വോട്ടുകളുടെ ലീഡ് ആയിരുന്നു ഉണ്ടായിരുന്നത്.മുംബൈ സൗത്ത് ലോക്‌സഭാ സീറ്റിന്റെ ഭാഗമാണ് വർളി.
ദേവ്റയ്‌ക്കും താക്കറെയ്‌ക്കും പുറമെ മഹാരാഷ്‌ട്ര നവനിർമാൺ സേനയുടെ (എംഎൻഎസ്) സന്ദീപ് ദേശ്പാണ്ഡെയും ഇതേ സീറ്റിൽ അങ്കത്തിനിറങ്ങിയതോടെ മത്സരം ത്രികോണ മത്സരമായി മാറി.
സംസ്ഥാനത്തെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എംവിഎ) തമ്മിലാണ് പോരാട്ടം. മഹായുതി സഖ്യത്തിൽ ബിജെപി, ശിവസേന ( ഏകനാഥ് ഷിൻഡെ വിഭാഗം), അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവ ഉൾപ്പെടുന്നു. അതേസമയം, എംവിഎ സഖ്യത്തിൽ ശിവസേന (യുബിടി), എൻസിപി (ശരദ് പവാർ വിഭാഗം), കോൺഗ്രസ് എന്നിവ ഉൾപ്പെടുന്നു.
മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20-ന് നടക്കും, എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നവംബർ 23-ന് നടക്കും. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റും ശിവസേന 56 സീറ്റും കോൺഗ്രസ് 44 സീറ്റും നേടി. 2014ൽ ബിജെപി 122 സീറ്റും ശിവസേന 63 സീറ്റും കോൺഗ്രസ് 42 സീറ്റും നേടിയിരുന്നു.
അന്തരിച്ച കോൺഗ്രസ് നേതാവായ മുരളി ദേവ്‌റയുടെ മകൻ മിലിന്ദ് ദേവ്‌റ 2004 മുതൽ 2014 വരെ രണ്ട് തവണ കോൺഗ്രസ് എംപിയായിരുന്നു.















