മണിക്കൂറില്‍ നൂറുമുതല്‍ നൂറ്റിയിരുപത് കിലോമീറ്റര്‍ വരെ വേഗതയുണ്ടാവുമെന്ന മുന്നറിയിപ്പോടെയാണ് ‘ദാന‘ ചുഴലിക്കാറ്റെത്തിയത് . പത്ത് ലക്ഷത്തോളം പേരെയാണ് തീരദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചത് . എന്നാൽ അതിഭീകരമായ ചുഴലിക്കാറ്റുകള്‍ നേരിടുന്നതില്‍ വീണ്ടും പ്രാഗല്‍ഭ്യം തെളിയിച്ചിരിക്കുകയാണ് ഒഡീഷ. കൃത്യമായ മുന്നൊരുക്കങ്ങളും സർക്കാർ നടത്തിയിരുന്നു.
മുൻപ് ചുഴക്കിക്കാറ്റുകൾ ഒഡീഷയിൽ വൻ നാശങ്ങൾ വിതച്ചിരുന്നു . 1999-ൽ 260കിലോമീറ്റർ പ്രതി മണിക്കൂർ വേഗതയിൽ വീശിയടിച്ച സൂപ്പർ സൈക്ലോണിൽ ഒഡീഷയിലെ ജഗത്സിംഗ്പൂർ ജില്ലയിലെ എർസാമ ബ്ലോക്കിലെ നിരവധി ഗ്രാമങ്ങൾ കടലെടുത്തുകൊണ്ടുപോയി.
അതിൽ നിന്ന് ഉൾക്കൊണ്ട പാഠമാണ് ഇന്ന് ഒഡീഷയെ മാറ്റി മറിച്ചത് .പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഓരോ വര്‍ഷവും ഒഡിഷ വര്‍ധിപ്പിച്ചുവരികയാണ്.ഇന്ന് ഒഡീഷ ദുരന്തങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും മുന്നിലാണ്. സൈക്ലോണ്‍ ഷെല്‍റ്ററുകള്‍ ഒരുക്കുന്നത് മുതൽ സ്വന്തം വീടുകളിൽ നിന്ന് മാറാത്തവർക്ക് ബോധവത്ക്കരണം നടത്തി അവരെ സുരക്ഷിതമായ ഇടങ്ങളിലേയ്‌ക്ക് മാറ്റുന്നതിൽ പോലും അറിയാം ഈ മാറ്റം .
വലിയ നാശ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കണക്ക് കൂട്ടലില്‍ ഒഡീഷ മാത്രം ഇത്തവണ 6 ലക്ഷം ആളുകളെ പ്രാഥമികമായി മാറ്റിപ്പാര്‍പ്പിച്ചു. പലരും സൈക്ലോണ്‍ ഷെല്‍ട്ടറുകളിലേക്ക് അഭയം തേടി. ഏകദേശം 7285 സൈക്ലോണ്‍ ഷെല്‍ട്ടറുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. ഇതില്‍ 800 ല്‍ അധികം മള്‍ട്ടിപര്‍പ്പസ് ഷെല്‍ട്ടറുകളാണ്. ഇത്തരം സംവിധാനമൊരുങ്ങിയതോടെ ജനങ്ങളെ പെട്ടെന്ന് മാറ്റിപ്പാര്‍ക്കാന്‍ കഴിയുന്നുണ്ട്
സംസ്ഥാനത്തിന്റെ ദുരന്തമേഖലകളില്‍ നിരവധി ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ട്. വലിയ ദുരന്തമുണ്ടാവുന്നതിന് മുമ്പെ ഇത്തരം മുന്നറിയിപ്പ് സംവിധാനത്തിലൂടെ ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിക്കാനാവുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.മാത്രമല്ല ആളില്ലാത്ത വീടുകളില്‍ മോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ സാധാരണയില്‍ക്കവിഞ്ഞ പൊലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.
കുടിവെള്ളം, ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം ഷെല്‍റ്ററുകളില്‍ സജ്ജം. മന്ത്രിമാരടക്കമുള്ളവര്‍ നേരിട്ട് ഷെല്‍റ്ററുകള്‍ പരിശോധിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തും. ഈയൊരു മുന്നൊരുക്കങ്ങൾ തന്നെയാണ് ഒഡീഷയെ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുന്നത് .