തൃശൂർ: അബ്ദുൾ നാസർ മദനിയുടെ പാർട്ടിയായ പിഡിപിയുടേത് തീവ്രവാദ രാഷ്‌ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഡിപിയുമായി ബന്ധം പാടില്ലെന്ന് നേരത്തെ സിപിഐ പറഞ്ഞിരുന്നു. പി. ജയരാജന്റെ പുസ്തകം സ്വയം വിമർശനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി. ജയരാജന്റെ ‘ കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിഡിയുടേത് തീവ്രവാദ രാഷ്‌ട്രീയമാണെന്ന് എൽഡിഎഫിന് അകത്തും പുറത്തും സിപിഐ നിരവധി തവണ ചൂണ്ടിക്കാട്ടിയുന്നു. അവരോട് രാഷ്‌ട്രീയ സമ്പർക്കം പാടില്ലെന്ന് കൃത്യമായി പറഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായ കാലത്താണ് പിഡിപിയും സിപിഎമ്മും ബാന്ധവത്തിലായത്. പിണറായിക്കുള്ള ഒളിയമ്പ് കൂടിയാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം.
പി. ജയരാജന്റെ പുസ്തകം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. കേരളത്തിലെ മുസ്ലീങ്ങളിൽ തീവ്രവാദം വളർത്തിയത് മദനിയാണെന്ന് ജയരാജന്റെ പുസ്തകത്തിൽ പറയുന്നു. അതിവൈകാരികമായ പ്രസംഗങ്ങൾ നടത്തി മദനി ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചു. ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ടെന്നും. ലഷ്കർ ഭീകരൻ തടിയന്റെവിട നസീർ മദനിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് തീവ്രവാദിയായതെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കോയമ്പത്തൂർ സ്ഫോടനം കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ മദനിയ്‌ക്ക് സ്വീകരണം നൽകിയ ചടങ്ങിൽ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ വേദി പങ്കിട്ട സംഭവത്തെ കുറിച്ചും പുസ്തകത്തിൽ പി.ജയരാജൻ പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൊന്നാനി ഉപതെരഞ്ഞെടുപ്പിൽ മദനിയുടെ പാർട്ടിയായ പിഡിപിയുമായി സിപിഎം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതിനെ കുറിച്ചും പുസ്തകത്തിലില്ല.















