ന്യൂഡൽഹി: സൈന്യത്തിന്‍റെ ആത്മവീര്യം തകർക്കുന്ന സമൂഹമാദ്ധ്യമ പ്രചരണങ്ങൾക്കെതിരെ സത്യങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്ന്
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ. സമൂഹ മാദ്ധ്യമങ്ങളുടെ വിശ്വാസ്യത ഇടിയുകയാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ തിരുത്തൽ ശക്തികൾ ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. റിട്ട. മേജർ ജനറൽ ജെ. ഡി ബക്ഷി രചിച്ച ‘ഇന്ത്യൻ സ്ട്രാറ്റജിക്ക് കൾച്ചർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയെ സോഷ്യൽ മീഡിയ ഉപയോഗിച്ച് നേരിടണം. വമ്പൻ നുണകളുടെ പ്രചരണ വേദിയാണ് സമൂഹ മാദ്ധ്യമം. തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാനായൽ ദുഷ്പ്രചരണങ്ങളെ ചെറുക്കാനാകും.
സോഷ്യൽ മീഡിയ മെല്ലെ മെല്ലെ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വിശ്വാസ്യത ഇപ്പോൾ പതുക്കെ കുറഞ്ഞുവരികയാണ്. സൈന്യത്തെ ജോലി ചെയ്യുന്നവർക്കും രാജ്യസ്നേഹമുള്ളവർക്കും വ്യാജ പ്രചരണങ്ങളെ തടയാൻ കഴിയും. തെറ്റായ പ്രചരണം ശക്തമാകും മുമ്പ് അവയുടെ മുനയൊടിക്കാൻ സാധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















