കോഴിക്കോട്: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (PDP) ചെയർമാനും കോയമ്പത്തൂർ സ്ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മദനിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ച് പിഡിപിയുടെ പ്രതിഷേധം. പിഡിപിയെക്കുറിച്ചും മദനിയെക്കുറിച്ചും പരാമർശിക്കുന്ന പി. ജയരാജന്റെ പുസ്തകത്തിന്റെ പ്രകാശനം നടക്കുന്ന വേളയിലാണ് പ്രതിഷേധവുമായി പിഡിപി എത്തിയത്. പ്രകാശന ചടങ്ങ് സംഘടിപ്പിച്ച കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിന് പുറത്ത് പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു. മദനി കേരളത്തിൽ തീവ്രവാദ ചിന്ത വളർത്തിയെന്നടക്കം പി. ജയരാജൻ തുറന്നടിച്ചതിന്റെ പശ്ചാത്തലത്തിലാണ് പിഡിപിക്കാരുടെ പ്രതിഷേധം.
സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ എഴുതിയ ”കേരളം, മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം” എന്ന പുസ്തകമാണ് പിഡിപിയെ പ്രകോപിപ്പിച്ചത്. പുസ്തകത്തിന്റെ ചട്ടയുരിഞ്ഞ് കത്തിച്ചായിരുന്നു പിഡിപിയുടെ പ്രതിഷേധം. വസ്തുതാവിരുദ്ധമായ പരാമർശങ്ങളാണ് പുസ്തകത്തിലുള്ളതെന്ന് പിഡിപി പ്രവർത്തകർ അവകാശപ്പെട്ടു. ”വേണ്ടാ വേണ്ടാ ജയരാജ, തെമ്മാടിത്തം വേണ്ട, കത്തട്ടെ, കത്തട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പിഡിപി പ്രവർത്തകർ പുസ്തകം കത്തിച്ചത്. പുസ്തക പ്രകാശന വേദിയിലേക്ക് കയറാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും 100 മീറ്റർ അകലെ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. മദനിക്കെതിരെ പുസ്തകത്തിൽ നടത്തിയിരിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എ മുജീബ് റഹ്മാൻ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പി. ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തത്. മുസ്ലീം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മദനി പ്രധാന പങ്കുവഹിച്ചെന്നും അതിവൈകാരിക പ്രസംഗങ്ങളിലൂടെ കേരളത്തിലെ യുവാക്കൾക്കിടയിൽ തീവ്രവാദം വളർത്തിയെന്നും പുസ്തകത്തിൽ പരാമർശമുണ്ട്. മദനിയുടെ പ്രസംഗത്തിൽ ആകൃഷ്ടനായാണ് ലഷ്കറിന്റെ ദക്ഷിണേന്ത്യൻ കമാൻഡറായി മാറിയ തടിയന്റവിട നസീർ തീവ്രവാദത്തിലേക്ക് എത്തിയത്. രാജ്യത്തെ മാവോയിസ്റ്റുകളും രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകളായി അറിയപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയും പോപ്പുലർഫ്രണ്ടും തമ്മിൽ കൂട്ടുകച്ചവടമുണ്ടെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു.
എന്നാൽ ജയരാജന്റെ പരാമർശങ്ങളിൽ തനിക്ക് പങ്കില്ലെന്നും അതൊന്നും തന്റെ അഭിപ്രായമല്ലെന്നും അടിയവരയിട്ട് പറഞ്ഞായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്തത്.