പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഡിസിസി നിർദ്ദേശിച്ച സ്ഥാനാർത്ഥി കെ. മുരളീധരനെന്ന് റിപ്പോർട്ട്. കോൺഗ്രസ് നേതൃത്വത്തോട് ഡിസിസി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ദേശീയ നേതാക്കൾക്ക് അടക്കം ഡിസിസി നൽകിയ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ഡിസിസി പ്രസിഡൻറ് എ. തങ്കപ്പൻ നൽകിയ കത്താണ് ജനം ടിവിക്ക് ലഭിച്ചത്. ഡിസിസി ഐകകണ്ഠ്യേന സ്വീകരിച്ച തീരുമാനമാണിതെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ഉത്തരവാദിത്വമുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംഎൽഎ എന്നിവർക്ക് നൽകിയ കത്തിലാണ് ഡിസിസി ഇക്കാര്യം വ്യക്തമാക്കുന്നത്. പാലക്കാട് ബിജെപി വിജയിക്കാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ഇത് തടയാൻ ശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് നിർത്തേണ്ടതുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. മണ്ഡലത്തിൽ നടത്തിയ സർവേകളിൽ കെ. മുരളീധരനാണ് ഏറ്റവും മുൻതൂക്കമെന്ന് ഡിസിസി കണ്ടെത്തിയതായും കത്തിൽ പറയുന്നു.
എന്നാൽ ഡിസിസി നിർദേശത്തിന് പുല്ലുവിലയാണ് നൽകിയതെന്ന് വ്യക്തമാക്കുകയാണ് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം. ഡോ. പി. സരിനും, എകെ ഷാനിബും അടക്കമുള്ള കോൺഗ്രസുകാരെ ചൊടിപ്പിച്ചതും ഇതേവിഷയമാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്ന് വടകരയിൽ ഷാഫി പറമ്പിൽ വിജയിച്ചപ്പോൾ തന്നെ ബോധ്യമായ കാര്യമാണ്. തൽസ്ഥാനത്തേക്ക് രാഹുൽ മാങ്കൂട്ടത്തിൽ മതിയെന്ന തീരുമാനം വി.ഡി സതീശനും സംഘവും അന്നേ കൈക്കൊണ്ടുവെന്ന വാദമാണ് ഇതോടെ ശക്തമാകുന്നത്.















