കോഴിക്കോട്: പിഡിപി നേതാവും കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതിയുമായിരുന്ന അബ്ദുൾ നാസർ മഅദ്‌നിയുടെ നിലപാടുകൾ യുവാക്കളിൽ തീവ്രവാദ ആശയങ്ങൾ രൂപപ്പെടാൻ ഇടയാക്കിയിരുന്നുവെന്നത് വസ്തുതയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ‘കേരളം മുസ്ലീം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്ലാം’ എന്ന തന്റെ പുസ്തകത്തിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി പറയുകയായിരുന്നു പി ജയരാജൻ. മഅദ്‌നിക്കെതിരായ പരാമർശം പിഡിപി വിവാദമാക്കിയിരുന്നു. ഇതിനെതിരെ പുസ്തക പ്രകാശന വേദിയായിരുന്ന കോഴിക്കോട് എൻജിഒ യൂണിയൻ ഹാളിന് പുറത്ത് പിഡിപി പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
2008 ൽ താൻ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലെ മഅദ്‌നിയെക്കുറിച്ചുളള ഭാഗം ഉദ്ധരിച്ചായിരുന്നു പി ജയരാജൻ ഈ നിലപാട് വസ്തുതയാണെന്ന് സ്ഥാപിച്ചത്. 1992 ജൂലൈയിലെ പൂന്തുറ കലാപത്തിന് ദിവസങ്ങൾക്ക് മുൻപ് അവിടെ മഅദ്‌നി നടത്തിയ പ്രസംഗവും തുടർന്നുളള വിഷലിപ്തമായ പ്രവർത്തനങ്ങളും കലാപത്തിന് വളമേകിയെന്ന് പറഞ്ഞിട്ടുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
മഅദ്‌നിയെ പുസ്തകത്തിലൂടെ ആക്ഷേപിച്ചു എന്ന് പറയുന്നതിൽ കാര്യമില്ല. ഇടത് വിരുദ്ധ മാദ്ധ്യമങ്ങളാണ് ആ പ്രചാരണം നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കെതിരെ വിമർശനം ഉണ്ടായിട്ടുണ്ട്. വസ്തുതയാണ്. എന്നാൽ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് മഅദനിയുടെ നിലപാടുകളിൽ മാറ്റം വരുത്തിയെന്നും പുസത്കത്തിൽ പറയുന്നുണ്ട്. അതാണ് വസ്തുതയെന്നും ജയരാജൻ ആവർത്തിച്ചു.
ബംഗലൂരു സ്‌ഫോടനക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ വലിയ നീതി നിഷേധമാണ് ഉണ്ടായതെന്നും മഅദ്‌നി ഒടുവിൽ കേരളത്തിലെത്തിയ കാര്യവും പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെന്ന് പി ജയരാജൻ വിശദീകരിച്ചു.
രണ്ട് ദിവസമായി പുസ്തകത്തിലെ ഉളളടക്കം സോഷ്യൽ മീഡയയിലും ചർച്ചയാണ്. ജയരാജൻ മഅദ്‌നിക്കൊപ്പം വേദി പങ്കിടുന്ന ചിത്രങ്ങൾ സഹിതമാണ് ചർച്ച നടക്കുന്നത്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിൽമോചിതനായി എത്തിയ ശേഷം മഅദ്‌നിക്ക് നൽകിയ സ്വീകരണ പരിപാടികളിൽ ഇടത് നേതാക്കൾ പങ്കെടുത്തത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.















